മുംബൈ: വിഖ്യാത ഹിന്ദുസ്ഥാ നി സംഗീതജ്ഞൻ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ(89) അന്തരിച്ചു. ഇന്നലെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 2019ൽ അദ്ദേഹത്തിനു പക്ഷാഘാതമുണ്ടായിരുന്നു. പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നല്കി രാജ്യം ഉസ്താദ് ഗുലാം മുസ്തഫ ഖാനെ ആദരിച്ചു. സംസ്കാരം ഇന്നലെ വൈകുന്നേരം നടത്തി.
1931 മാർച്ച് മൂന്നിന് ഉത്തർപ്രദേശിലെ ബദാവൂനിലായിരുന്നു ഗുലാം മുസ്തഫ ഖാന്റെ ജനനം. ഉസ്താദ് വാരിസ് ഖാനും സബ്രി ബീഗവുമാണു മാതാപിതാക്കൾ. പ്രമുഖ സംഗീതജ്ഞൻ മുറേദ് ബക്ഷിന്റെ മകനാണ് വാരിസ് ഖാൻ. രാംപുർ-സഹസ്വാൻ ഘരാനയുടെ സ്ഥാപകനായ ഉസ്താദ് ഇനായത്ത് ഹുസൈൻ ഖാന്റെ മകളാണ് സബ്രി ബീഗം.
പിതാവിൽനിന്നാണ് ഗുലാം മുസ്തഫ ഖാൻ സംഗീതം അഭ്യസിച്ചത്. തുടർന്ന് ബന്ധുവായ ഉസ്താദ് നിസാർ ഹുസൈൻ ഖാൻ ഗുരുവായി. ഗുലാം മുസ്തഫ ഖാന്1991 ൽ പദ്മശ്രീയും 2006ൽ പദ്മഭൂഷണും 2018ൽ പദ്മവിഭൂണും ലഭിച്ചു.
2003ൽ സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു. ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലതാ മങ്കേഷ്കർ, ഉസ്താദ് അംജത് അലി ഖാൻ, എ.ആർ. റഹ്മാൻ തുടങ്ങിയവർ അനുശോചിച്ചു.
ഉസ്താദ് ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു
12:31 AM Jan 18, 2021 | Deepika.com