ന്യൂഡൽഹി: കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ ഒന്പതാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. 19ന് വീണ്ടും ചർച്ച നടത്തും. ഇന്നലെ നടന്ന ചർച്ച 120 ശതമാനം പരാജയമെന്ന് ഓൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം ഡോ. ദർശൻ പാൽ പ്രതികരിച്ചു. ജനുവരി 26ന് എന്തുവന്നാലും കർഷകർ ട്രാക്ടർ റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും കർഷകരും ചർച്ചകളുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇന്നലെ നടന്ന ചർച്ചയിൽ പങ്കെടുത്ത ശേഷം ഓൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം കവിത കുരുഗന്തി ദീപികയോടു പറഞ്ഞു. ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാകൂ. കർഷക സമരം ഒത്തുതീർപ്പിലെത്തിക്കാൻ എളുപ്പ വഴിക്കുള്ള മറ്റൊരു ശ്രമവും വിലപ്പോകില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്നലെ നടന്ന ചർച്ച അത്ര നിർണായകമായിരുന്നില്ലെന്നും വീണ്ടും ചർച്ച നടത്തുമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
ജനുവരി 19ന് തന്നെയാണ് കർഷകസമരം ഒത്തുതീർപ്പിലെത്തിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതി യോഗം ചേരുന്നത്. ഈ സമിതിയുമായി ഒരു തരത്തിലും സഹകരിക്കുകയോ സമിതിക്ക് മുന്നിൽ ഹാജരാകുകയോ ചെയ്യില്ലെന്ന് ഇന്നലെ നടന്ന ചർച്ചയിൽ കർഷക സംഘടന പ്രതിനിധികൾ വ്യക്തമാക്കി. 19ന് നടക്കാനിരിക്കുന്നത് കർഷകരും സർക്കാരും തമ്മിൽ നടക്കുന്ന അവസാനഘട്ട ചർച്ചയായിരിക്കുമെന്നാണ് സ്ഥിതിഗതികളിൽ നിന്നു വ്യക്തമാകുന്നത്.
കർഷകസമരം 52 ദിവസം പിന്നിടുന്പോഴും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; വേണമെങ്കിൽ ഭേദഗതികൾ ആകാമെന്ന കടുംപിടിത്തത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നു തന്നെയാണ് കർഷകരുടെ നിലപാട്.
ഹരിയാനയിലെ കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പങ്കെടുക്കാനിരുന്ന പരിപാടിക്കിടെ ഉണ്ടായ പ്രതിഷേധത്തിന്റെ പേരിൽ കർഷകർക്കെതിരേ കേസെടുത്ത കാര്യവും ഇന്നലെ നടന്ന ചർച്ചയിൽ കർഷക സംഘടനാ പ്രതിനിധികൾ ഉന്നയിച്ചു.
ഇന്നലത്തെ ചർച്ചയ്ക്കുശേഷം കർഷകരെ കുറ്റപ്പെടുത്തുന്ന സ്വരത്തിലായിരുന്നു കേന്ദ്ര കൃഷിമന്ത്രിയുടെ ചില പ്രതികരണങ്ങൾ. തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്ന് കർഷകർ തന്നെയാണ് മാധ്യമങ്ങളോടു പറയുന്നത്. എന്നാൽ, കർഷകർ ഉന്നയിച്ച മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു കഴിഞ്ഞു. കർഷകരാണ് പ്രശ്നപരിഹാരത്തിനായി ഒരടി പോലും മുന്നോട്ടു വയ്ക്കാത്തതെന്നു തോമർ കുറ്റപ്പെടുത്തി.
സെബി മാത്യു
കർഷകസമരം: ഒന്പതാം വട്ടവും തീരുമാനമില്ല; 19ന് വീണ്ടും ചർച്ച
01:54 AM Jan 16, 2021 | Deepika.com