ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറിയതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അദാനി എന്റർപ്രൈസസിനു വിമാനത്താവളം നടത്തിപ്പിൽ മുൻപരിചയമില്ലെന്നും വിമാനത്താവള നടത്തിപ്പ് കൈമാറ്റം പൊതുതാത്പര്യത്തിന് അനുസൃതമല്ലെന്നും സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ പറയുന്നു. അതിനാൽ കേന്ദ്ര സർക്കാരിന്റെ നടപടി സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നു. വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ സംസ്ഥാന സർക്കാരാണ് പൂർത്തിയാക്കിയത്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കില്ലെന്നു കേന്ദ്രസർക്കാർ ഉറപ്പു നൽകിയിരുന്നതാണ്. സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനു വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിൽ ക്രമക്കേടുണ്ട്. അതിനാൽ വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാർ രൂപവത്കരിക്കുന്ന കന്പനിക്കു കൈമാറണം. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കേരള സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കന്പനികൾക്കാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം വിമാനത്താവളം: സർക്കാർ സുപ്രീംകോടതിയിൽ
11:31 PM Nov 24, 2020 | Deepika.com