ബംഗളൂരു: മയക്കുമരുന്നു കടത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ബംഗളൂരുവിൽ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ(പിഎംഎൽഎ)പ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ നാലു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)യും ബിനീഷിനെതിരെ കേസെടുക്കുമെന്നു റിപ്പോർട്ടുണ്ട്.
മയക്കുമരുന്നു കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബന്ധമാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റിലേക്കു നയിച്ചത്. ബിനീഷിനെ മൂന്നു തവണ ഇഡി ചോദ്യം ചെയ്തിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു ശാന്തിനഗറിലെ സോണൽ ഓഫീസിലെത്തിയ ബിനിഷീനെ ആറു മണിക്കൂർ ചോദ്യം ചെയ്തു. തുടർന്നായിരുന്നു അറസ്റ്റ്. അതീവ രഹസ്യമായാണ് ബിനീഷ് ഇഡി ഓഫീസിലെത്തിയത്.
കന്നഡ സിനിമാലോകവുമായി ബന്ധമുള്ള അനൂപ് മുഹമ്മദ്, ഡി. അനിഖ, ആർ. രവീന്ദ്രൻ എന്നിവരെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തിരുന്നു. മൂവരും സിനിമാതാരങ്ങൾക്ക് മയക്കുമരുന്ന് എത്തിച്ചു നല്കിയിരുന്നവരാണ്. അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതോടെയാണ് അന്വേഷണം ബിനീഷ് കോടിയേരിയിലേക്ക് എത്തിയത്.
അനൂപിന്റെ ഹോട്ടൽ ബിസിനസിൽ ബിനീഷ് പണം നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ബംഗളൂരു കമ്മനഹള്ളിയിൽ ഹോട്ടൽ ബിസിനസ് നടത്താൻ ബിനീഷ് പണം നല്കിയതായി അനൂപ് മൊഴി നല്കി. അനൂപിനെയും കുടുംബത്തെയും അറിയാമെന്നും ബംഗളൂരുവിൽ റസ്റ്ററന്റ് ബിസിനസിനായി തന്റെ പക്കൽനിന്നും മറ്റുള്ളവരിൽനിന്നും അനൂപ് പണം വാങ്ങിയെന്നും ബിനീഷ് കോടിയേരി ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.
ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനൊപ്പം ബിനീഷിനെ തുടർ ചോദ്യംചെയ്യലിനു വിധേയമാക്കുമെന്നാണു വിവരം. പല അക്കൗണ്ടുകളിൽനിന്നായി 50 ലക്ഷത്തോളം രൂപ അനൂപിന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണു മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് മുഹമ്മദ് ഇഡിക്കു നല്കിയ മൊഴിയാണു ബിനീഷിനെതിരെ പ്രധാന തെളിവായി മാറിയത്.
ബിനീഷിനെ നേരത്തെ ചോദ്യംചെയ്തതിനുശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തിരുന്നു. നേരത്തെ അനൂപിനൊപ്പം ചോദ്യം ചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനീഷ് എത്തിയില്ല.
മയക്കുമരുന്നു കടത്തിലെ പണമിടപാടു കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ
01:06 AM Oct 30, 2020 | Deepika.com