ന്യൂഡൽഹി: രാജ്യത്തു കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഉത്സവാഘോഷങ്ങളിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്സവാഘോഷങ്ങളിൽ പോലും അതിർത്തി സംരക്ഷിക്കുന്നവരുടെ കാര്യം ഓർക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി, അവർക്കായി വീടുകളിൽ ഒരു വിളക്ക് തെളിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്സവ ആഘോഷ വേളകളിൽ ലോക്ക്ഡൗണ്‍ സമയത്ത് ആരെല്ലാം സഹായിച്ചുവോ അവരെയെല്ലാം ഓർമിക്കണം. ലോക്ക്ഡൗണ്‍ സമയത്ത് സ്വന്തം ജീവൻ പോലും പണയം വച്ച് സമൂഹവുമായി അടുത്തിഴപഴകി പ്രവർത്തിച്ചവരെ ഓർക്കണം. ശുചീകരണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവർ പ്രതിസന്ധിഘട്ടത്തിൽ നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോൾ ഉത്സവ സമയങ്ങളിൽ അവരെ നമ്മോടൊപ്പം ഉൾപ്പെടുത്തണം.
കൊറോണക്കാലത്ത് സംയമനം പാലിക്കണം. കൂട്ടംകൂടിയുള്ള ആഘോഷങ്ങളാണ് കഴിഞ്ഞ വർഷം വരെ നടത്തിയത്. ഇത്തവണ അതു സാധ്യമാകില്ല. ഉത്സവാഘോഷങ്ങൾക്കായി വിപണിയിൽനിന്നു സാധനങ്ങൾ വാങ്ങുന്പോൾ പ്രാദേശിക ഉത്പന്നങ്ങൾക്കു മുൻഗണന നൽകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഉത്സവാഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം: മോദി
12:30 AM Oct 26, 2020 | Deepika.com