ന്യൂഡൽഹി: ഒരു തവണ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിപ്പ് നൽകി ഐസിഎംആർ. കോവിഡ് മുക്തി നേടി അഞ്ചുമാസത്തിനുള്ളിൽ വൈറസിനെതിരെയുള്ള ആന്റിബോഡികൾ ശരീരത്തിൽ കുറയുകയാണെങ്കിൽ വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മാസ്ക് ധരിക്കുന്നതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതും തുടരണമെന്ന് ഐസിഎംആർ അധികൃതർ മുന്നറിയിപ്പ് നൽകി.
സാധാരണഗതിയിൽ മൂന്ന് മുതൽ അഞ്ച് മാസം വരെയാണ് ശരീരത്തിൽ ആന്റിബോഡികൾ നിലനിൽക്കുന്നത്. എത്ര ആളുകൾ രോഗബാധിതരായി, പിന്നീട് നെഗറ്റീവും വീണ്ടും പോസിറ്റീവും ആയി എന്നത് സംബന്ധിച്ച നിലവിലെ കണക്കുകൾ ഞങ്ങൾ പരിശോധിച്ച് വരികയാണ്. കോവിഡ് മുക്തനായി 90 ദിവസം കഴിഞ്ഞ് വീണ്ടും വൈറസ് ബാധ കണ്ടെത്തിയാൽ റീഇൻഫെക്ഷൻ ആയാണ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
കോവിഡ് ഭേദമായ ആളുടെ ശരീരത്തിൽ മൂന്ന് മാസം വരെ ആന്റിബോഡികൾ ഉണ്ടാകുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. മറ്റു ചില പഠനങ്ങളിൽ ഇത് അഞ്ച് മാസം വരെയുണ്ടാകുമെന്നും. കോവിഡ് ഒരു പുതിയ അസുഖമായതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമെ ഇപ്പോഴുള്ളു എന്ന് ഭാർഗവ പറഞ്ഞു.
ഐസിഎംആറിന്റെ മുന്നറിയിപ്പ്; രോഗമുക്തി നേടിയവർക്കു വീണ്ടും കോവിഡ് വന്നേക്കാം
12:15 AM Oct 22, 2020 | Deepika.com