ചെന്നൈ: കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായതായി ആശുപത്രിവൃത്തങ്ങൾ. ഓഗസ്റ്റ് അഞ്ചിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്മോ(എക്സ്ട്രാകോർപോറിയൻ മെംബ്രയ്ൻ ഓക്സിജനേഷൻ) സഹായത്തോടെയാണ് എസ്പിബിയുടെ ചികിത്സ തുടരുന്നതെന്ന് എംജിഎം ഹെൽത്ത്കെയർ അധികൃതർ അറിയിച്ചു.
നേരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ ബാലസുബ്രഹ്മണ്യത്തിന്റെ നില ഓഗസ്റ്റ് 13നാണു ഗുരുതരമായത്. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് 19ന് ബാലസുബ്രഹ്മണ്യത്തിന് എക്മോ ചികിത്സയും ആരംഭിച്ചു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ചെയ്യുന്നതാണ് എക്മോ ചികിത്സ.
സെപ്റ്റംബർ എട്ടിന് എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ്മുക്തി നേടി. എന്നാൽ, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാൽ വെന്റിലേറ്റർ നീക്കിയിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ നില വഷളായി.
എസ്പിബിയുടെ നില അതീവ ഗുരുതരം
01:00 AM Sep 25, 2020 | Deepika.com