ന്യൂഡൽഹി: രാജ്യത്തെ പരിസ്ഥിതി നിയമങ്ങൾ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. പരിസ്ഥിതി ആഘാത പഠന (ഇഐഎ) നിയമഭേദഗതിയുടെ കരടുവിജ്ഞാപനം ഉടൻ പിൻവലിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ സാമൂഹ്യ ഉത്തരവാദിത്വമാണ്. ഇഐഎ നടപ്പാക്കുവഴി രാജ്യത്തെ പരിസ്ഥിതിയെ തകർക്കുകയാണു സർക്കാർ ചെയ്യുന്നതെന്ന് ഈ വിഷയത്തിലുള്ള ലേഖനത്തിൽ സോണിയ ചൂണ്ടിക്കാട്ടി.
പ്രകൃതിയെ സംരക്ഷിക്കുകയാണെങ്കിൽ പ്രകൃതി നമ്മളെയും സംരക്ഷിക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇഐഎ പിൻവലിക്കണമെന്നും രാഹുൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. വിവിധ പദ്ധതികൾക്കു പാരിസ്ഥിതിക അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നിർദേശിക്കുന്ന ഇഐഎയുടെ കരട് ഈവർഷം മാർച്ചിലാണ് പരിസ്ഥിതിമന്ത്രാലയം പരസ്യപ്പെടുത്തിയത്. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടുകയും ചെയ്തു. ഇതിനകം ആയിരക്കണക്കിന് നിർദേശങ്ങളാണ് മന്ത്രാലയത്തിൽ ലഭിച്ചത്. പൊതുജനങ്ങളുടെ നിർദേശങ്ങൾകൂടി പരിഗണിച്ച ശേഷമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂ എന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയിരുന്നു.
ഇഐഎ പിൻവലിക്കണം: സോണിയ, രാഹുൽ
12:13 AM Aug 14, 2020 | Deepika.com