ഹിന്ദു പിന്തുടർച്ചാ നിയമം: മകൾക്കു പിതൃസ്വത്തിൽ തുല്യ അവകാശം

12:26 AM Aug 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു പി​ന്തു​ട​ർ​ച്ചാ നി​യ​മ പ്ര​കാ​രം മ​ക​നെ​പ്പോ​ലെ മ​ക​ൾ​ക്കും പി​താ​വി​ന്‍റെ സ്വ​ത്തു​ക്ക​ളി​ൽ തു​ല്യ അ​വ​കാ​ശ​മു​ണ്ടെ​ന്നു സു​പ്രീംകോ​ട​തി. ഹി​ന്ദു പി​ന്തു​ട​ർ​ച്ചാ നി​യ​മ ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ലാ​യ 2005 നു ​മു​ന്പ് പി​താ​വ് ജീ​വ​നോ​ടെ​യു​ണ്ടെ ങ്കി​ലും ഇ​ല്ലെ​ങ്കി​ലും മ​ക​ൾ​ക്ക് അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​ൻ മു​ൻ​കാ​ല പ്രാ​ബ​ല്യ​മു​ണ്ടെന്നും ​ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

1956ലെ ​ഹി​ന്ദു പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ നി​യ​മം 2005ൽ ​ഭേ​ദ​ഗ​തി ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പെ​ണ്‍മ​ക്ക​ൾ​ക്കു പി​താ​വി​ന്‍റെ സ്വ​ത്തി​ൽ തു​ല്യ പ​ങ്കാ​ളി​ത്തം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പെ​ണ്‍മ​ക്ക​ൾ​ക്ക് സ്വ​ത്തി​ൽ തു​ല്യ അ​വ​കാ​ശം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഭേ​ദ​ഗ​തി നി​ല​വി​ൽ വ​ന്ന 2005 സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നു പി​താ​വ് ജീ​വി​ച്ചി​രി​ക്ക​ണ​മെ​ന്ന് 2015ൽ ​ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ൽ ആ​ർ. ദ​വെ​യും എ.​കെ. ഗോ​യ​ലും അ​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2018ൽ ​ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ. സി​ക്രി​യും അ​ശോ​ക് ഭൂ​ഷ​ണും അ​ട​ങ്ങി​യ ബെ​ഞ്ച്, പി​താ​വി​ന്‍റെ സ്വ​ത്തി​ൽ മ​ക​നു​ള്ള അ​വ​കാ​ശം മ​ക​ൾ​ക്കു​മു​ണ്ടെന്നു ​വി​ധി​യെ​ഴു​തി​യ​പ്പോ​ൾ മ​റ്റൊ​രു ബെ​ഞ്ച് വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

2015ലെ ​ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ന് അ​നു​കൂ​ല​മാ​യാ​ണ് ജ​സ്റ്റീ​സ് ആ​ർ.​കെ. അ​ഗ​ർ​വാ​ളും എ.​എം. സ​പ്രേ​യും ഉ​ത്ത​ര​വി​ട്ട​ത്. വി​വി​ധ ര​ണ്ടം​ഗ ബെ​ഞ്ചു​ക​ൾ വ്യ​ത്യ​സ്ത വി​ധി​ക​ൾ പ്ര​സ്താ​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യം മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​നയ്​ക്കെ​ത്തു​ക​യും ഇ​ന്ന​ലെ നി​ർ​ണാ​യ​ക വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്ത​ത്.