ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെയും ഭാവിയിലെയും തലമുറകളെ മാറ്റങ്ങൾക്ക് അനുസരിച്ച് പാകപ്പെടുത്തി എടുക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസ നയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ പരിഷ്കാരം എന്ന വിഷയത്തിൽ സംഘടിപ്പിച്ച കോണ്‍ക്ലേവ് വീഡിയോ കോണ്‍ഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
ദേശീയ വിദ്യാഭ്യാസ നയം പക്ഷപാതിത്വം നിറഞ്ഞതാണ് എന്നു പറഞ്ഞുകൊണ്ട് ആരും തന്നെ രംഗത്തുവരാതിരുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഇപ്പോഴത്തെയും ഭാവിയിലെയും തലമുറകളെ ഭാവിക്ക് അനുസൃതമായി പാകപ്പെടുത്തി എടുക്കുക എന്നതാണു ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാ രാജ്യങ്ങളും വിദ്യാഭ്യാസത്തെ ദേശീയ താത്പര്യത്തോട് ചേർത്തുനിർത്തുന്നതാണ് പതിവ്. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് നയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ നയം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മോദി
11:16 PM Aug 07, 2020 | Deepika.com