ന്യൂഡൽഹി: കാഷ്മീർ വിഷയം യുഎൻ രക്ഷാസമിതിയിൽ ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമത്തെ എതിർത്ത് ഇന്ത്യ. ചൈനയുടെ പിന്തുണയോടെ പാക്കിസ്ഥാനാണ് ബുധനാഴ്ച കാഷ്മീർ വിഷയം ഉന്നയിക്കാൻ ശ്രമിച്ചത്.
എന്നാൽ, ഈ നീക്കം പാളി. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ചൈനയുടെ ഇടപെടൽ തള്ളിക്കളയുന്നുവെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ മാത്രം ആഭ്യന്തരകാര്യമായ വിഷയം രക്ഷാസമിതിയിൽ ഉന്നയിക്കാൻ ചൈന ശ്രമിക്കുന്നത് ആദ്യമായല്ല. മുന്പു പലപ്പോഴും സംഭവിച്ചതുപോലെ ചൈനയുടെ ഇടപെടലിന് അന്താരാഷ്ട്ര സമൂഹത്തിൽനിന്നു കാര്യമായ പിന്തുണ കിട്ടിയില്ല-വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തിപ്രശ്നം രൂക്ഷമായിരിക്കെയാണ് കാഷ്മീർ വിഷയം അന്താരാഷ്ട്രവത്കരിക്കാൻ ചൈന ശ്രമിച്ചത്. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ അനധികൃതമെന്നാണു കഴിഞ്ഞദിവസം ചൈന വിശേഷിപ്പിച്ചത്.
2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ജമ്മു കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കിയത്. ലഡാക്കിന്റെ വിവിധ പ്രദേശങ്ങളിൽ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.
കാഷ്മീർ: രക്ഷാസമിതിയിൽ ഉന്നയിക്കാനുള്ള ചൈനയുടെ നീക്കത്തെ എതിർത്ത് ഇന്ത്യ
01:07 AM Aug 07, 2020 | Deepika.com