ന്യൂഡൽഹി: ശ്രീരാമൻ എല്ലാ മാനുഷിക മൂല്യങ്ങളുടെയും പ്രതീകമാണെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്ന അവസരത്തിലാണ് ശ്രീരാമനെ പ്രകീർത്തിച്ച് രാഹുലിന്റെ ട്വീറ്റ്.
"മര്യാദ പുരുഷോത്തമൻ ഭഗവാൻ ശ്രീരാമൻ സകല മാനുഷിക മൂല്യങ്ങളുടെയും പ്രതിരൂപമാണ്. നമ്മുടെ ഹൃദയങ്ങളിൽ ഉൾച്ചേർന്നിട്ടുള്ള മാനവികതയാണ്. രാമനെന്നാൽ സ്നേഹമാണ്. അത് വെറുപ്പിൽ പ്രകടമാവില്ല. രാമനെന്നാൽ കാരുണ്യമാണ്. അത് ക്രൂരതയിൽ പ്രകടമാവില്ല. രാമനെന്നാൽ നീതിയാണ്.
അത് അനീതിയിൽ പ്രകടമാവില്ല എന്നുമാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ ദിവസം അയോധ്യയിലെ ക്ഷേത്ര നിർമാണത്തിനും ഭൂമിപൂജയ്ക്കും ആശംസയും പിന്തുണയും നൽകി രാഹുലിന്റെ സഹോദരിയും ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി നേതാവുമായ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. തൊട്ടു പിന്നാലെ പ്രിയങ്കയുടെ ആശംസയിൽ അസ്വഭാവികത ഒന്നും തന്നെയില്ലെന്നും അയോധ്യ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് വന്നപ്പോൾ തന്നെ കോണ്ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും പാർട്ടിയുടെ വിശദീകരണവും വന്നു.
ഭൂമിപൂജയെ പിന്തുണച്ച് രാഹുൽ ഗാന്ധി
01:09 AM Aug 06, 2020 | Deepika.com