ന്യൂഡൽഹി: അഭിപ്രായം പറയുന്നതും വിയോജിപ്പ് രേഖപ്പെടുത്തുന്നതും കോടതിയെ അപകീർത്തിപ്പെടുത്തുന്നതല്ലെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയെയും സുപ്രീം കോടതിയിലെ നാല് മുൻ ചീഫ് ജസ്റ്റീസുമാരെയും വിമർശിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടതിനെതിരേ കോടതി സ്വമേധയാ കേസെടുത്ത വിഷയത്തിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ആഡംബര ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ ഇരിക്കുന്നതിനെ വിമർശിച്ച വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഭൂഷണ് അറിയിച്ചു. ബൈക്ക് സ്റ്റാൻഡിൽ ആയിരുന്നു എന്നകാര്യം തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും സ്റ്റാൻഡിൽ ഇരിക്കുന്പോൾ ഹെൽമറ്റ് ധരിക്കേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, തന്റെ ട്വീറ്റിൽ ഇക്കാര്യത്തിലുണ്ടായ പിഴവിൽ ഖേദപ്രകടനം നടത്തുന്നതായും അറിയിച്ചു.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സംഭവമാണ് കേസിന് ആധാരമായത്. കേസിൽ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രശാന്ത് ഭൂഷണ് നോട്ടീസയച്ചിരുന്നു. ഇതിനു മറുപടിയായി 134 പേജുള്ള സത്യവാങ്മൂലമാണ് ഭൂഷണ് സമർപ്പിച്ചത്.
അഭിപ്രായം പറയുന്നതു കോടതിയെ അപകീർത്തിപ്പെടുത്തലല്ല: പ്രശാന്ത് ഭൂഷൺ
12:17 AM Aug 04, 2020 | Deepika.com