ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കോവിഡ് രോഗബാധ. ഡൽഹിക്കടുത്ത് ഹരിയാനയിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം. പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണു കോവിഡ് പോസിറ്റീവ് എന്നു സ്ഥിരീകരിച്ചത്. ഇക്കാര്യം അമിത്ഷാ തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അമിത്ഷാ പങ്കെടുത്തിരുന്നു. മന്ത്രിയുമായി ഈ ദിവസങ്ങളിൽ സന്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ താനുമായി സന്പർക്കം പുലർത്തിയ എല്ലാവരും പരിശോധനയ്ക്കു വിധേയരാകണമെന്നും സ്വയം ഐസൊലേഷനിലേക്കു മാറണമെന്നും അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.
കോവിഡ് പോസിറ്റീവായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഒൻപത് ദിവസത്തെ ആശുപത്രിവാസത്തിനുശേഷം സുഖം പ്രാപിച്ചു എന്ന് ഇന്നലെ ട്വിറ്ററിൽ അറിയിച്ചു. കോവിഡ് ബാധിച്ച തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ചെന്നൈ കാവേരി ആശുപത്രിയിലാണ്.
ഇന്നലെ വൈകുന്നേരം ആറുവരെയുള്ള 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 54,735 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18,04,258 ആയി.
അമിത് ഷായ്ക്കു കോവിഡ്
12:17 AM Aug 03, 2020 | Deepika.com