ഇൻഡോർ: വെറും 30 സെക്കൻഡ് മാത്രം. മധ്യപ്രദേശിലെ ഒരു സഹകരണബാങ്കിൽ നിന്ന് പത്തുവയസുകാരൻ അടിച്ചുമാറ്റിയത് പത്തുലക്ഷം രൂപ. മധ്യപ്രദേശിലെ നിമച്ച് ജില്ലയിലെ ജാവദിലുള്ള സഹകരണബാങ്കിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണു സംഭവം. ബാങ്കിനുള്ളിൽ ഇടപാടുകാരും ജീവനക്കാരും തലങ്ങും വിലങ്ങും നീങ്ങുന്നത് ശ്രദ്ധിച്ച് സൂത്രധാരൻ പുറത്തുകാത്തുനിൽക്കുന്നുണ്ടായിരുന്നു.
കാഷ് കൗണ്ടറിലെ ജീവനക്കാരൻ പുറത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പത്തുവയസുകാരൻ ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. ചെറിയ കുട്ടി കാഷ്കൗണ്ടറിനുള്ളിലേക്ക് കടന്നുപോകുന്നത് പുറത്തുനിൽക്കുന്നവർക്കു കാണാനാകുമായിരുന്നില്ല.
മോഷണത്തിനു പരിശീലനം കിട്ടിയതിനാലാകണം വെറും 30 സെക്കൻഡിനുള്ളിൽ 500 രൂപയുടെ കെട്ടുകൾ ബാഗിലാക്കി കുട്ടി പുറത്തെത്തി സൂത്രധാരനൊപ്പം അപ്രത്യക്ഷനാവുകയായിരുന്നു. പണം നഷ്ടപ്പെട്ടുവെന്ന് മനസിലായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മുഴിഞ്ഞ വസ്ത്രം ധരിച്ച കുട്ടി കാഷ് കൗണ്ടറിലേക്ക് കടക്കുന്നതും പണവുമായി പുറത്തേക്കു വരുന്നതും കണ്ടത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിരവധിയാളുകളെ ചോദ്യംചെയ്തുവെന്ന് ജാവേദ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഒ.പി. മിശ്ര അറിയിച്ചു.
വെറും 30 സെക്കൻഡ്; ബാങ്കിൽനിന്ന് 10 ലക്ഷവുമായി പത്തുവയസുകാരൻ മുങ്ങി
12:48 AM Jul 16, 2020 | Deepika.com