ന്യൂഡൽഹി: ദീർഘകാലമായുള്ള ചൈനയുടെ എതിർപ്പ് വകവയ്ക്കാതെ മലബാർ നാവിക അഭ്യാസത്തിൽ ഓസ്ട്രേലിയയെ ക്കൂടി പങ്കെടുപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. നിലവിൽ ഇന്ത്യയും ജപ്പാനും അമേരിക്കയുമാണ് സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഈ വർഷം അവസാനം ബംഗാൾ ഉൾക്കടലിൽ നടക്കുന്ന സംയുക്ത നാവിക അഭ്യാസത്തിൽ ഓസ്ട്രേലിയയെ ക്കൂടി പങ്കെടുപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വാർത്തകളോട് പ്രതികരിക്കാൻ നാവികേ സേന വക്താവ് വിവേക് മധാവൽ തയാറായിട്ടില്ല. എന്നാൽ മലബാർ അഭ്യാസത്തിലേക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും പങ്കെടുക്കുന്നതിൽ വില കൽപ്പിക്കുന്നുണ്ടെന്നുമാണ് ഓസ്ട്രേലിയൻ പ്രതിരോധ വക്താവ് പറഞ്ഞത്.
സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാൻ ഓസ്ട്രേലിയ മുൻപ് താത്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നതാണ്. എന്നാൽ, ചൈനയ്ക്ക് ഈ നടപടി പ്രകോപനം ആകുമെന്ന ധാരണയിൽ ഇന്ത്യ തീരുമാനം എടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.
ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തിയിൽ അസ്വസ്ഥതകൾ പൂർണമായും പരിഹരിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിൽ അടുത്ത മലബാർ നാവിക അഭ്യാസത്തിൽ ഓസ്ട്രേലിയയെ ക്കൂടി പങ്കെടുപ്പിക്കുമെന്നാണു വിവരം.
അമേരിക്കയും ജപ്പാനുമായും കൂടിയാലോചന നടത്തിയ ശേഷം അടുത്ത ആഴ്ച ഓസ്ട്രേലിയയ്ക്ക് ക്ഷണക്കത്ത് അയക്കുമെന്നും വിവരമുണ്ട്. അതിനുപുറമേ ഇന്ത്യയും ഓസ്ട്രിലയയും തമ്മിൽ പരസ്പരം സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പിടാനുള്ള പദ്ധതിയുമുണ്ട്. മലബാർ നാവിക അഭ്യാസത്തിന് മുൻപേതന്നെ ഇരു രാജ്യങ്ങളും ഈ കരാറിൽ ഒപ്പുവക്കാനുള്ള തയാറെടുപ്പുകളും നടക്കുന്നുണ്ട്.
മലബാർ സംയുക്താഭ്യാസം
1992ൽ തുടങ്ങിയ ഇന്ത്യ - യുഎസ് സംയുക്ത നാവികസേനാഭ്യാസമാണ് മലബാർ സംയുക്താഭ്യാസം എന്നറിയപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടു 2007ൽ ജപ്പാനും പങ്കാളിയായി. മുങ്ങിക്കപ്പലുകൾ, പോർവിമാനങ്ങൾ എല്ലാം ചേരുന്നതാണു സംയുക്ത അഭ്യാസം.
നിരീക്ഷണം, അന്തർവാഹിനി യുദ്ധം, ആന്റി-എയർ, ആന്റി-സർഫേസ് ഫയറിംഗ്സ്, മാരിടൈം ഇന്റർഡിക്ഷൻ ഓപ്പറേഷൻസ്, വിസിറ്റ് ബോർഡ് തിരയൽ, പിടിച്ചെടുക്കൽ എന്നീ സൈനികാഭ്യസങ്ങൾ കൂടാതെ ഒൗദ്യോഗിക പ്രോട്ടോക്കോൾ സന്ദർശനങ്ങൾ, സബ്ജക്റ്റ് മാറ്റർ എക്സ്പേർട്ട് എക്സ്ചേഞ്ചുകൾ ഉൾപ്പെടെയുള്ള പ്രഫഷണൽ ഇടപെടലുകൾ, പരസ്പര കപ്പൽ സന്ദർശനങ്ങൾ, സ്പോർട്സ് മത്സരങ്ങൾ, തുറമുഖ ഘട്ടത്തിലെ സാമൂഹിക ഇവന്റുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്നു.
മലബാർ നാവിക അഭ്യാസത്തിൽ ഓസ്ട്രേലിയയും
11:56 PM Jul 10, 2020 | Deepika.com