ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ രാജ്യതാത്പര്യം സംരക്ഷിക്കാത്തതു സംബന്ധിച്ച് കേന്ദ്രത്തിനെതിരേ മൂന്നു ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി രംഗത്ത്.
രണ്ട് രാജ്യങ്ങളിലെയും പ്രത്യേക പ്രതിനിധി ചർച്ചകൾക്കുശേഷമുള്ള പ്രസ്താവനകൾ ട്വിറ്ററിൽ പങ്കുവച്ചാണ് രാഹുൽ ചോദ്യമുന്നയിച്ചിരിക്കുന്നത്.
ദേശീയ താത്പര്യം സർവശ്രേഷ്ഠമാണ്. ഇന്ത്യൻ സർക്കാരിന്റെ ജോലി അത് സംരക്ഷിക്കുക എന്നതാണ്. അങ്ങനെയെങ്കിൽ മുന്പ് നിലവിലുണ്ടായിരുന്ന അവസ്ഥ സ്ഥാപിക്കാൻ നിർബന്ധം പിടിക്കാത്തത് എന്തുകൊണ്ട്? നമ്മുടെ പ്രദേശത്തു വച്ച് നിരായുധരായ 20 ജവാന്മാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാൻ ചൈനയെ അനുവദിക്കുന്നത് എന്തുകൊണ്ട്? ഗാൽവൻ താഴ്വരയുടെ പ്രാദേശികമായ പരമാധികാരത്തെക്കുറിച്ചു പരാമർശിക്കാത്തത് എന്തുകൊണ്ട്? ട്വിറ്ററിലിട്ട കുറിപ്പിൽ രാഹുൽ ചോദിക്കുന്നു.
പ്രത്യേക പ്രതിനിധി ചർച്ചയ്ക്കുശേഷം ബെയ്ജിംഗ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇന്ത്യ- ചൈന അതിർത്തിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ഗാൽവൻ താഴ്വരയിൽ സംഭവച്ചതിന്റെ തെറ്റും ശരിയും വളരെ വ്യക്തമാണെന്നു ചൈന അവകാശപ്പെടുന്നുണ്ട്. പ്രാദേശിക പരമാധികാരവും സമാധാനവും അതിർത്തി പ്രദേശങ്ങളിൽ ശാന്തതയും സംരക്ഷിക്കുന്നത് തുടരുമെന്നും ചൈന വ്യക്തമാക്കുന്നു.
അതിർത്തി സംഘർഷം: മൂന്നു ചോദ്യങ്ങളുമായി രാഹുൽ
12:26 AM Jul 08, 2020 | Deepika.com