ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷൻ സുപ്രീം കോടതിയിൽ നൽകിയ കേസിൽ കക്ഷി ചേരുമെന്നു ഡീൻ കുര്യാക്കോസ് എംപി. ഗോവ ഫൗണ്ടേഷന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി ജൂണ്‍ 18ന് കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഓഗസ്റ്റിൽ എല്ലാ കക്ഷികളും മറുപടി നൽകാനാണ് നിർദേശം.
കേരളം സമർപ്പിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് ഇടുക്കിയിലുള്ള പൊതുജനങ്ങളുടേതെന്നും അക്കാര്യം കേസിൽ കക്ഷി ചേർന്ന് കോടതിയിൽ ഉന്നയിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇക്കാര്യം പല തവണ കേരള സർക്കാരും കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്ര സർക്കാരിനോടു ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തിൽ കേരളത്തിന്റെ വാദത്തിനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും എംപി അറിയിച്ചു.
ഗാഡ്ഗിൽ റിപ്പോർട്ട്: കേസിൽ കക്ഷി ചേരുമെന്ന് ഡീൻ കുര്യാക്കോസ്
12:26 AM Jul 02, 2020 | Deepika.com