ന്യൂഡൽഹി: രാജ്യസഭയിൽ ഒഴിവുള്ള 18 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പ് 19ന്. മാർച്ച് 26ന് നടത്താൻ നിശ്ചയിച്ചശേഷം കോവിഡിനെ തുടർന്നു മാറ്റിവച്ച തെരഞ്ഞെടുപ്പാണിത്. ഗുജറാത്ത്, ആന്ധ്രപ്രദേശ് (നാല് വീതം), മധ്യപ്രദേശ്, രാജസ്ഥാൻ (മൂന്ന് വീതം), ജാർഖണ്ഡ് (രണ്ട്), മണിപ്പൂർ, മേഘാലയ (ഒന്നു വീതം) സംസ്ഥാനങ്ങളിൽ വോട്ടെടുപ്പു നടത്തുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. ആകെ 55 സീറ്റുകളിലേക്കു പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പിൽ 37 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതേസമയം, പാർലമെന്റിന്റെ വർഷകാല സമ്മേളനം മിക്കവാറും ഓണ്‍ലൈനായി വൈകാതെ നടത്തും. രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കർ ഓം ബിർലയും ഇന്നലെ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണു വർച്വൽ സമ്മേളനമെങ്കിലും ചേരാൻ തീരുമാനിച്ചത്. കോവിഡ് രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാലും സാമൂഹിക അകലവും കോവിഡ് പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിനാൽ പതിവുപോലെ പാർലമെന്റ് ഹാളിലുള്ള സമ്മേളനം പ്രയാസമായേക്കുമെന്നാണു പൊതുവിലയിരുത്തൽ.
കോവിഡിനെത്തുടർന്നു പാർലമെന്റ് സമ്മേളനം ഓണ്‍ലൈനിൽ വീഡിയോ കോണ്‍ഫറൻസിലൂടെ നടത്തണമോ, ലോക്സഭയും രാജ്യസഭയും ഒന്നിടവിട്ട ദിവസങ്ങളിൽ പാർലമെന്റ് മന്ദിരത്തിൽ തന്നെ ചേരണമോ എന്നതു സംബന്ധിച്ചാണു ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്. പ്രശ്നം പാർലമെന്ററി ചട്ടങ്ങൾക്കായുള്ള റൂൾസ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാൻ ഇരുസഭകളുടെയും അധ്യക്ഷന്മാരുടെ യോഗം തീരുമാനിച്ചു. പാർലമെന്ററികാര്യത്തിനായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിലാകും അവസാന തീരുമാനമെടുക്കുക.
ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നാളെ ഡൽഹിയിൽ ചേരാനിരുന്ന യോഗം മാറ്റിവച്ചു. ഡൽഹിയിലെത്തി യോഗത്തിൽ പങ്കെടുക്കാനുള്ള പ്രയാസം ചില അംഗങ്ങൾ അറിയിച്ചതിനാലാണു യോഗം മാറ്റിയതെന്നു സമിതി അധ്യക്ഷൻ ആനന്ദ് ശർമ വിശദീകരിച്ചു.
ലോക്സഭയും രാജ്യസഭയും എംപിമാരുടെ അകലം പാലിച്ചു പാർലമെന്റ് സെൻട്രൽ ഹാളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നടത്തുന്നതിനെക്കുറിച്ചായിരുന്നു കഴിഞ്ഞ 27ന് നായിഡും ബിർലയും യോഗം ചേർന്ന് ആലോചിച്ചത്. കോവിഡിന്റെ സാഹചര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ വളരെയേറെയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
മന്ത്രിമാർ, എംപിമാർ, പത്രലേഖകർ, ജീവനക്കാർ തുടങ്ങിയവരുടെ വിമാന, ട്രെയിൻ യാത്രകളും ഡൽഹിയിലെ താമസവും അടക്കമുള്ളവ രോഗവ്യാപനത്തിലേക്കു വഴിതെളിച്ചാൽ കൂടുതൽ പ്രതിസന്ധിയാകും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണു സാധാരണ മണ്‍സൂണ്‍ സമ്മേളനം നടത്തുക. ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു രണ്ടു ദിവസം മുന്‍പായി മാർച്ച് 23ന് ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി നേരത്തെ പിരിഞ്ഞിരുന്നു.
ജോർജ് കള്ളിവയലിൽ
പാർലമെന്റ് വർഷകാല സമ്മേളനം‘വർച്വൽ’
11:59 PM Jun 01, 2020 | Deepika.com