ന്യൂഡൽഹി: വിമാനത്തിലെ മധ്യ സീറ്റുകൾ പരമാവധി ഒഴിച്ചിടണമെന്നു വിമാന കന്പനികളോട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). നടുവിലുള്ള സീറ്റുകൾ ബുക്ക് ചെയ്യുന്നുണ്ടെങ്കിൽ അതിലിരിക്കുന്നവർക്ക് ഫെയ്സ് മാസ്കിനും ഷീൽഡിനും പുറമേ കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയം അംഗീകരിച്ച റാപ്പ് എറൗണ്ട് ഗൗണ്‍ കൂടി നൽകണമെന്നും ഡിജിസിഎ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാനങ്ങളിലെ നടുവിലുള്ള സീറ്റുകൾ ഒഴിച്ചിടണമെന്നും കഴിഞ്ഞ ആഴ്ച സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
സാമൂഹ്യ അകലം പാലിക്കണമെന്നത് സാമൂഹിക ബോധത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, വിമാന കന്പനികളുടെ ആരോഗ്യത്തേക്കാൾ പൗരന്മാരുടെ ആരോഗ്യമാണ് സർക്കാർ കണക്കിലെടുക്കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഡിജിസിഎയുടെ നടപടി.
അതേസമയം, ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിൽ നടുവിലെ സീറ്റുകൾ അനുവദിക്കാമെന്നും ഡിജിസിഎയുടെ മാർഗ നിർദേശങ്ങളിലുണ്ട്.
യാത്രക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ മതിയായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കി മധ്യഭാഗത്തെ സീറ്റിൽ യാത്ര അനുവദിക്കാം. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം അനുശാസിക്കുന്ന മാനദണ്ഡ പ്രകാരം ശരീരം മുഴുവൻ മൂടുന്ന വിധത്തിലുള്ള വസ്ത്രം നിർബന്ധമാക്കണം.
മധ്യനിര സീറ്റുകൾ ഒഴിച്ചിടണമെന്നു വിമാന കന്പനികൾക്കു നിർദേശം
11:59 PM Jun 01, 2020 | Deepika.com