ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നു.
എന്നാൽ, അതിവ്യാപന മേഖലകളിൽ നിയന്ത്രണങ്ങൾ ജൂണ്‍ 30 വരെ തുടരും. മറ്റു മേഖലകളിൽ ജൂണ്‍ ഒന്നു മുതൽ സാധാരണ നിലയിൽ പ്രവർത്തനങ്ങൾ ആരംഭിക്കും.
• ജൂണ്‍ എട്ടു മുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.
• ജൂണ്‍ ഒന്നു മുതൽ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള യാത്രകൾക്കു വിലക്കില്ല. യാത്രകൾക്കു പ്രത്യേക അനുമതിയും ആവശ്യമില്ല.
• രാത്രി ഒന്‍പതു മുതൽ പുലർച്ചെ അഞ്ചു വരെ രാത്രികാല കർഫ്യു തുടരും.
• പൊതു സ്ഥലങ്ങളിൽ മുഖാവരണവും സാമൂഹിക അകലം പാലിക്കലും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ തുടരും.
നാലാംഘട്ടം ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചാം ഘട്ട നിയന്ത്രണ നിർദേശങ്ങളും പ്രവർത്തനാനുമതി ഉള്ളവയുടെ പട്ടികയും പ്രഖ്യാപിച്ചത്.
• കണ്ടെയ്ൻമെന്റ് സോണുകളെ ജില്ലാ അധികൃതർക്കു നിർണയിക്കാം. ഈ മേഖലകളിൽ അവശ്യസർവീസുകൾക്കു മാത്രമേ അനുമതിയുണ്ടാകൂ. അതിവ്യാപന മേഖലകൾക്കു പുറത്ത് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്താം.
• പൊതുജനാരോഗ്യ ജാഗ്രതയുടെ പേരിൽ വേണമെങ്കിൽ സംസ്ഥാനങ്ങൾക്ക് അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താം.
• 10 വയസിനു താഴെയുള്ളവർ , 65 വയസിനു മുകളിലുമുള്ളവർ, ഗർഭിണികൾ, രോഗികൾ തുടങ്ങിയവർ വീടുകളിൽ തുടരണം. ചികിത്സാ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
• നിലവിലുള്ള പാസഞ്ചർ, ശ്രമിക് ട്രെയിൻ സർവീസ് തുടരും. ആഭ്യന്തര വിമാന സർവീസുകളും തുടരും. വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വിമാന സർവീസുകളും തുടരും.
• ജോലിസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജില്ലാ അധികൃതർ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
കഴിയുന്നിടത്തോളം സ്ഥാപനങ്ങൾ വീട്ടിൽ ഇരുന്നുള്ള വർക്ക് ഫ്രം ഹോം മാതൃക പ്രോത്സാഹിപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം " അൺലോക്ക് വൺ' എന്ന പേരിൽ പുറത്തിറക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നു.
അതേസമയം, പൊതുപരിപാടികൾക്കും ചടങ്ങുകൾക്കുമുള്ള വിലക്കു തുടരും.
മൂന്നു ഘട്ടങ്ങൾ ഇങ്ങനെ
• ഒന്നാം ഘട്ടം
ജൂണ്‍ എട്ടു മുതൽ ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറക്കാം.
• രണ്ടാംഘട്ടം
സ്കൂളുകൾ, കോളജുകൾ, വിവിധ പരിശീലന കേന്ദ്രങ്ങൾ എന്നിവ ജൂലൈയിൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു പ്രവർത്തനം ആരംഭിക്കും.
• മൂന്നാം ഘട്ടം
അന്താരാഷ്ട്ര വിമാന സർവീസ്, മെട്രോ റെയിൽ, സിനിമാ തിയറ്റർ, ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ തുറക്കാം. തീയതി പിന്നീടു തീരുമാനിക്കും.
സെബി മാത്യു
ലോക്ക് അഴിയുന്നു ; മൂന്നു ഘട്ടങ്ങളായി ലോക്ക് ഡൗൺ പിൻവലിക്കും
11:56 PM May 30, 2020 | Deepika.com