ന്യൂഡൽഹി: രാജ്യമൊട്ടാകെ കോവിഡ് പ്രതിസന്ധിയിലായിരിക്കേ രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം വിപുലമാക്കാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായ രണ്ടാം തവണ അധികാരത്തിലേറിയതിന്റെ വാർഷികം 30നാണ്.
രാജ്യത്താകെ 750 ഓളം വർച്വൽ റാലികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ആയിരത്തിലധികം വർച്വൽ കോണ്‍ഫറൻസുകളും നടത്തും. ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ മേൽനോട്ടത്തിലാണ് ഓണ്‍ലൈൻ സംവാദങ്ങൾ സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് എന്ന ആശയത്തിലൂന്നിയായിരിക്കും സംവാദങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെഴുതിയ കത്ത് പത്തു കോടിയോളം വീടുകളിൽ ബൂത്ത് തല പ്രവർത്തകർ നേരിട്ടെത്തിക്കും. കണ്ടെയ്ൻമെന്റ് മേഖലകളിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിലായിരിക്കും കത്തു വിതരണം. അതിവ്യാപന മേഖലകളിൽ സാമൂഹിക മാധ്യമങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി കത്ത് എത്തിക്കും.
ഓരോ മണ്ഡലത്തിലും മുഖാവരണം, സാനിറ്റൈസർ എന്നിവ വിതരണം ചെയ്യാനും പാർട്ടി പ്രവർത്തകരോട് നേതൃത്വം നിർദേശിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിനു കേന്ദ്രം സ്വീകരിച്ച പ്രതിരോധ നടപടികൾ, കോവിഡ് മഹാമാരിയെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ സാന്പത്തിക പാക്കേജ് എന്നിവയെല്ലാം ഭരണനേട്ടമായി ബിജെപി ഉയർത്തിക്കാട്ടും.
രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിനൊരുങ്ങി ബിജെപി
11:56 PM May 26, 2020 | Deepika.com