ന്യൂഡൽഹി: കോവിഡ് വ്യാപനം ആശങ്കാപരമായി തുടരുന്നതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം രൂക്ഷം. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, സംസ്ഥാനങ്ങളിൽ റെഡ് അലർട്ടും ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും 45 മുതൽ 47 ഡിഗ്രി വരെയാണ് കൂടിയ താപനില. മേയ് 29 വരെ താപനില ഇതേ രീതിയിൽ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലെ സോനേഗാവിൽ ഞായറാഴ്ച 46.2 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ രാജസ്ഥാനിലെ പിലാനിയിൽ 46.7 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. ഡൽഹിയിൽ 46 ഡിഗ്രി വരെ ചൂട് ഉയർന്നിട്ടുണ്ട്.
ഇന്നും നാളെയും താപനില ഉയർന്ന നിലയിലായിരിക്കുമെന്നു കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. മേയ് 29,30 തിയതികളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യതയുണ്ട്.
ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം
12:32 AM May 26, 2020 | Deepika.com