ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ ജന്മനാട്ടിലേക്കു നടന്നു പോയ നാല്‍പ്പതുകാരനായ കര്‍ഷകത്തൊഴിലാളി പട്ടിണിയും നിര്‍ജലീകരണവും മൂലം മരിച്ചു. പൂനയില്‍നിന്നു പര്‍ഭനി ജില്ലയിലെ ഗ്രാമത്തിലേക്കു പോയ പിന്റു പവാര്‍ ആണ് മരിച്ചത്. ജന്മനാട്ടില്നിന്ന് 200 കിലോമീറ്റര്‍ അകലെ ബീഡ് ജില്ലയിലെ ധനോര ഗ്രാമത്തിലായിരുന്നു പവാര്‍ മരിച്ചത്. അധികം നടത്തം, പട്ടിണി, നിര്‍ജലീകരണം എന്നിവമൂലമാണു പിന്റു പവാര്‍ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ധ്യാനേശ്വര്‍ കുക് ലാരെ പറഞ്ഞു.
പര്‍ഭനിയിലെ ധോപ്തേ പോന്ഡുല് ഗ്രാമക്കാരനായ പിന്റു പവാറിന് കരിമ്പുവെട്ടലാണ് ജോലി. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടമായ ഇയാള്‍ പൂനയില്‍ സഹോദരനൊപ്പമായിരുന്നു.
അവിടെനിന്നു ജന്മനാട്ടിലേക്കു പോകവേ ആയിരുന്നു ദാരുണാന്ത്യമുണ്ടായത്. മേയ് എട്ടിനായിരുന്നു പവാര്‍ യാത്ര ആരംഭിച്ചത്. മേയ് 14ന് അഹമ്മദ്നഗറിലെത്തി. മൊബൈല്‍ഫോണ്‍ കൈവശമില്ലാതിരുന്ന പവാര്‍ മറ്റാരുടെയോ ഫോണ്‍ വാങ്ങിയാണു വീട്ടിലേക്കു വിളിച്ചത്. മുപ്പത്തിയഞ്ചു കിലോമീറ്ററോളം നടന്ന് ധനോരയിലെത്തിയ പവാര്‍ ഒരു തകരഷെഡില്‍ കഴിഞ്ഞു. തിങ്കളാഴ്ച ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സമീപവാസികള്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് പവാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജന്മനാട്ടിലേക്കു നടന്നുപോയ കര്‍ഷകത്തൊഴിലാളി പട്ടിണിമൂലം മരിച്ചു
12:01 AM May 21, 2020 | Deepika.com