ന്യൂഡൽഹി: സംസ്ഥാനങ്ങളിലെയും സിബിഎസ്ഇയുടെയും 10, 12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനു കേന്ദ്ര സർക്കാരിന്റെ അനുമതി. പരീക്ഷ നടത്താൻ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കണ്ടെയ്ന്റ്മെന്റ് സോണുകളിൽ പരീക്ഷകൾ നടത്തരുതെന്നും പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കു പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തണമെന്നും നിർദേശിച്ചു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടർന്ന് മാറ്റിവച്ച 10, 12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനായി സംസ്ഥാന സർക്കാരുകളും സിബിഎസ്ഇയും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രത്തിന്റെ നടപടി. ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്കു നീട്ടിയെങ്കിലും സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിരുന്നില്ല.
എന്നാൽ, പരീക്ഷ നടത്താതിരുന്നാൽ അത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇളവ് വരുത്താൻ തീരുമാനിച്ചതെന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറയുന്നു.
വിദ്യാർഥികളും അധ്യാപകരും അടക്കം പരീക്ഷ നടപടികളുടെ ഭാഗമായവരെല്ലാം മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും അടക്കമുള്ളവ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
പരീക്ഷാ ഹാളിൽ സാമൂഹ്യ അകലം ഉറപ്പാക്കുകയും തെർമൽ സ്ക്രീനിംഗ് നടത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാന, സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾക്കു കേന്ദ്രാനുമതി
12:01 AM May 21, 2020 | Deepika.com