ന്യൂഡൽഹി: കോവിഡ്-19 സൃഷ്ടിച്ച സാന്പത്തിക ആഘാതം നേരിടാൻ എംപിമാരുടെ 10 കോടി രൂപ വീതമുള്ള പ്രാദേശിക മണ്ഡല വികസന ഫണ്ട് രണ്ടു വർഷത്തേക്കു നിർത്തിവയ്ക്കാൻ തീരുമാനം.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗവർണർമാരും മന്ത്രിമാരും മുതൽ എംപിമാർ വരെയുള്ളവരുടെ ശന്പളം, അലവൻസ്, പെൻഷൻ എന്നിവ ഒരു വർഷത്തേക്ക് 30 ശതമാനം വെട്ടിക്കുറയ്ക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
മന്ത്രിമാർ ഉൾപ്പെടെയുള്ള ലോക്സഭയിലെയും രാജ്യസഭയിലെയും മുഴുവൻ എംപിമാരുടെയും ശന്പളം, ആനുകൂല്യങ്ങൾ എന്നിവയും മുൻ എംപിമാരുടെ പെൻഷനും 30 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രത്യേക ഓർഡിനൻസിനു മന്ത്രിസഭ അംഗീകാരം നൽകിയതായി വാർത്താവിതരണ മന്ത്രി പ്രകാശ് ജാവ്ഡേക്കർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഒന്നുമുതൽ ഒരു വർഷത്തേക്കാണ് ഈ കുറവു വരുത്തുക.
എംപിമാരുടെ ശന്പളം കുറയ്ക്കുന്നതിനു പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, ലഫ്. ഗവർണർമാർ എന്നിവരും സ്വമേധയാ അവരുടെ ശന്പളം വെട്ടിക്കുറച്ച് സാമൂഹ്യ പ്രതിബദ്ധത പ്രകടമാക്കുമെന്നു മന്ത്രി ജാവ്ഡേക്കർ പറഞ്ഞു.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (എംപി ലാഡ്സ് പദ്ധതി) രണ്ടു വർഷത്തേക്ക് (2020-21, 2021-22) നിർത്തിവയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഈയിനത്തിലെ 7,900 കോടി രൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കു പോകും.
നികുതികളിലൂടെയും വായ്പകളിലെയും മറ്റും സർക്കാരിന്റെ ചെലവുകളിലേക്കു സംഭരിക്കുന്ന മൊത്തം വരുമാനമാണ് "ദി കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്. ഇത്തരത്തിൽ കിട്ടുന്ന മുഴുവൻ തുകയും ഇന്ത്യയുടെ മൊത്തം രാഷ്ട്രനിർമിതിക്കായി ഉപയോഗിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.
തീരുമാനം തെറ്റ്, തിരുത്തണം: പ്രതിപക്ഷം
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വർഷത്തേക്ക് ഓർഡിനൻസിലൂടെ നിർത്താലാക്കാനും ആ തുക കേന്ദ്രഫണ്ടിലേക്കു മാറ്റാനുമുള്ള തീരുമാനത്തിനെതിരേ കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. കേന്ദ്രതീരുമാനം പ്രതിഷേധാർഹമാണെന്നും പുനഃപരിശോധിക്കണമെന്നും ശശി തരൂർ അടക്കമുള്ളവർ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്കും പാവങ്ങൾക്കും ലഭിക്കേണ്ട തുക കേന്ദ്രസർക്കാർ തട്ടിയെടുക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് അതതു നിയോജക മണ്ഡലങ്ങളിൽതന്നെ ചെലഴിക്കേണ്ടത് അനിവാര്യമാണെന്നു തരൂരും കാർത്തി ചിദംബരവും ചൂണ്ടിക്കാട്ടി. കോവിഡ്-19 മായി ബന്ധപ്പെട്ട ചെലവുകൾക്കായി ഈ തുക ഉപയോഗിക്കാൻ അനുവദിക്കണം. പ്രാദേശികമായി അർഹമായ പാവങ്ങൾക്കു പണവും സൗകര്യങ്ങളും പദ്ധതികളും ലഭ്യമാക്കണം. ഈ തുക അപ്പാടെ കേന്ദ്ര പൂളിലേക്കു കൂട്ടുന്നതു തികഞ്ഞ അനീതിയാണെന്നു ശശി തരൂർ പറഞ്ഞു.
ജോർജ് കള്ളിവയലിൽ
എംപി ഫണ്ട് കേന്ദ്രം പിടിച്ചു
12:22 AM Apr 07, 2020 | Deepika.com