ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള തുടർപ്രവർത്തനങ്ങളുടെ ഭാഗമായി മുൻ രാഷ്ട്രപതിമാർ, മുൻ പ്രധാനമന്ത്രിമാർ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി.
പ്രധാനമന്ത്രി ഫോണിലാണ് നേതാക്കളുമായി സംസാരിച്ചത്. ലോക്ക്ഡൗണിനു ശേഷമുള്ള കാര്യങ്ങളാണ് ചർച്ചയായതെന്നാണു സൂചന.
മുൻ രാഷ്ട്രപതിമാരായ പ്രണാബ് മുഖർജി, പ്രതിഭാ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിംഗ്, എച്ച്.ഡി. ദേവഗൗഡ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സമാജ്വാദി പാർട്ടി നേതാക്കളായ മുലായംസിംഗ് യാദവ്, അഖിലേഷ് യാദവ്, തൃണമൂൽ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ എന്നിവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.
കൊറോണ പ്രതിരോധത്തിനുള്ള പോരാട്ടങ്ങൾക്ക് വിശാലാടിസ്ഥാനത്തിലുള്ള സംയുക്ത തന്ത്രം രൂപീകരിക്കുന്നതിനുള്ള നീക്കമായാണ് ഇത് പൊതുവേ വിലയിരുത്തപ്പെടുന്നത്. സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് യോഗം.
പ്രതിപക്ഷ നേതാക്കളുമായി മോദി ചർച്ച നടത്തി
12:24 AM Apr 06, 2020 | Deepika.com