ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയിലെ സ്ത്രീകളായ അക്കൗണ്ട് ഉടമകള്‍ക്ക് ഈമാസത്തെ 500 രൂപയുടെ വിതരണം ഗ്രാമവികസന മന്ത്രാലയം ആരംഭിച്ചു. സ്ത്രീകളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ചെയ്ത് തുടങ്ങി. പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിനു കീഴില്‍ പ്രധാന് മന്ത്രി ജന്‍ധന്‍ അക്കൗണ്ട് ഉള്ള സ്ത്രീകള്‍ക്ക് അടുത്ത് മൂന്നു മാസത്തേയ്ക്ക് 500 രൂപ വീതം ഓരോ മാസവും ആശ്വാസധനമായി നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് മുറപ്രകാരം പണം പിന്‍വലിക്കുന്നതിന് ശാഖകളിലും ബിസിനസ് കറസ്പോണ്ടന്റ്, എടിഎം എന്നിവിടങ്ങളിലും ഗുണഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കുവാന്‍ സാമ്പത്തിക സേവന വിഭാഗം ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. താഴെ പറയുന്ന ക്രമത്തിലായിരിക്കും പണം വിതരണം. അക്കൗണ്ട് നമ്പരിന്റെ അവസാനം 0, 1 അക്കം വരുന്നവർക്ക് ഇന്നലെ വിതരണം ചെയ്തു. 2, 3 അക്കം വരുന്നവർക്ക് ഇന്ന് പണം പിൻവലിക്കാം. 4,5 എന്നീ നമ്പരുകള്‍ക്ക് ഏഴ്, 6,7 എന്നീ നമ്പരുകള്‍ക്ക് എട്ട്, 8,9 എന്നീ നമ്പരുകള്‍ക്ക് ഒമ്പത്. ഒമ്പതിനു ശേഷം പണം വാങ്ങാത്തവർക്ക് ബിസിനസ് കറസ്പോണ്ടന്റ്, അല്ലെങ്കില്‍ ബാങ്ക് ശാഖ എന്നിവിടങ്ങളില്‍ ഏതു പ്രവൃത്തി ദിനത്തിലും സാധാരണ പ്രവൃത്തി സമയങ്ങളില്‍ എത്തി ഇടപാടു നടത്താം.
ഗരീബ് കല്യാണ്‍ പാക്കേജ് തുക നല്‍കിത്തുടങ്ങി
12:01 AM Apr 04, 2020 | Deepika.com