ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിൽ ഇനിയുള്ള ദിവസങ്ങളും വളരെ പ്രധാനമാണെന്ന് മുഖ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ വീഡിയോ കോൺഫറൻസിംഗ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. . കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയത് വലിയ തോതിൽ വിജയം കണ്ടു.
മരണ നിരക്കു പരമാവധി കുറയ്ക്കുക എന്നതാണു ലക്ഷ്യമാക്കിയത്. അതിനാൽ രോഗ പരിശോധനകൾക്ക് വരുന്ന ആഴ്ചയിലും വലിയ പ്രാധാന്യം നൽകണം. ഐസൊലേഷൻ, ക്വാറന്റൈൻ, ട്രേസിംഗ് ഉൾപ്പെടെയുള്ള നടപടികൾക്കു മുൻഗണന നൽകണം. കോവിഡ് ചികിത്സയ്ക്കായി മാത്രമായി പ്രത്യേക ആശുപത്രികൾ സജ്ജമാക്കിയെന്ന് സംസ്ഥാനങ്ങൾ ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അവശ്യ മരുന്നുകളുടെ ലഭ്യതയിൽ കുറവുണ്ടാകരുത്. മരുന്നു നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കണം. ദരിദ്ര വിഭാഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും സാധന സാമഗ്രികളും ലഭിക്കുന്നുണ്ടെന്നും സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ഒരു വലിയ ഹാളിനുള്ളിൽ പരസ്പരം അകലം പാലിച്ച് ഇരുന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാജ്നാഥ് സിംഗ്, അമിത് ഷാ, ഡോ. ഹർഷ വർധൻ തുടങ്ങിയ കേന്ദ്രമന്ത്രിമാരും വീഡിയോ കോണ്‍ഫറൻസിംഗ് യോഗത്തിൽ പങ്കെടുത്തു.
ഇനിയുള്ള ദിവസങ്ങൾ നിർണായകം: പ്രധാനമന്ത്രി
01:14 AM Apr 03, 2020 | Deepika.com