ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധത്തിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു കേന്ദ്രം. ലോക്ക് ഡൗണ്‍ നീട്ടുമെന്ന തരത്തിൽ ഉൗഹാപോഹങ്ങളും വാർത്തകളും പ്രചരിക്കുന്നുണ്ട്.
എന്നാൽ, ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നാണു കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പ്രതികരിച്ചത്. ലോക്ക് ഡൗണ്‍ നീട്ടില്ലെന്നു കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കിയതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയും തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ നീട്ടാൻ സർക്കാർ തീരുമാനിച്ചതായുള്ള വാർത്തകൾ കണ്ട് അന്പരന്നു പോയെന്നും ഇതുവരെ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നുമായിരുന്നു കാബിനറ്റ് സെക്രട്ടറിയുടെ പ്രതികരണം. പ്രധാനമന്ത്രി കഴിഞ്ഞ മാർച്ച് 24ന് രാജ്യത്തെ അഭിസംബോധ ചെയ്താണ് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വൈറസ് വ്യാപനം തടയുന്നതിനുള്ള കർശന നടപടി എന്ന നിലയിലായിരുന്നു ഇത്. ഏപ്രിൽ 14നാണ് ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുക. അതിനിടെ, ഇന്ത്യയിൽ കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ 49 ദിവസത്തേക്ക് നീട്ടണമെന്നു ചൂണ്ടിക്കാട്ടി ചില പഠന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ലോക്ക് ഡൗണ്‍ നീട്ടില്ലെന്നു കേന്ദ്രം
11:50 PM Mar 30, 2020 | Deepika.com