ന്യൂഡൽഹി: ഡൽഹി കലാപം ആസൂത്രിതമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഡൽഹിയിലെ സംഘർഷം ചർച്ച ചെയ്യാൻ എഐസിസി ആസ്ഥാനത്ത് പ്രത്യേക കോണ്ഗ്രസ് പ്രവർത്തക സമിതി യോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് അമിത് ഷായുടെ രാജി കോണ്ഗ്രസ് ആവശ്യപ്പെട്ടത്. അക്രമം ഉണ്ടായ മേഖലകളിൽ സമാധാനത്തിനായി രംഗത്തിറങ്ങാതിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേയും സോണിയ രൂക്ഷ വിമർശനം നടത്തി.
കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളാണ്. കലാപം ആസൂത്രിതമാണ്. ഇതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അക്രമം തടയുന്നതിൽ കേന്ദ്രവും ഡൽഹി സർക്കാരും പരാജയപ്പെട്ടു. ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജി വയ്ക്കണം. കോണ്ഗ്രസ് പ്രവർത്തക സമിതിയുടെ ആവശ്യമാണിതെന്നും സോണിയ വ്യക്തമാക്കി.
കലാപം തുടങ്ങിയപ്പോൾ ക്രമസമാധാന ചുമതലയുള്ള ആഭ്യന്തരമന്ത്രി എവിടെയായിരുന്നു? കലാപം തുടങ്ങിയ ഞായറാഴ്ച ഡൽഹി മുഖ്യമന്ത്രി എവിടെയായിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ എന്തു വിവരമാണ് നൽകിയത്? എത്ര പോലീസുകാരെയാണ് വിന്യസിച്ചത്? സ്ഥിതി വഷളാകുന്നതു കണ്ടിട്ടും അർധസൈനിക വിഭാഗത്തെ ഇറക്കാൻ വൈകിയത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന പ്രമേയം പ്രവർത്തകസമിതി പാസാക്കി. സോണിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി ഒഴികെയുള്ള മറ്റു നേതാക്കൾ പങ്കെടുത്തു.
ജോർജ് കള്ളിവയലിൽ
കലാപം ആസൂത്രിതം; അമിത് ഷാ രാജിവയ്ക്കണം: സോണിയ
12:12 AM Feb 27, 2020 | Deepika.com