അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും അഹമ്മദാബാദിൽ നടത്തിയ റോഡ് ഷോയിൽ പതിനായിരങ്ങൾ. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ റോഡ് ഷോ വീക്ഷിക്കാൻ അഹമ്മദാബാദിൽ എത്തി. നമസ്തേ ട്രംപ് പരിപാടി നടക്കുന്ന മൊട്ടേറ സ്റ്റേഡിയത്തിൽ പാസില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചവരെ പോലീസ് തടഞ്ഞു. റോഡ് ഷോ നടന്ന 22 കിലോമീറ്റർ വീഥിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാർ റോഡ് ഷോയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. റോഡ് ഷോ നടക്കുന്ന വീഥിയിൽ 30 സ്റ്റേജുകളിലായാണ് പരിപാടി അരങ്ങേറിയത്.
അഹമ്മദാബാദ് വിമാനത്താവളത്തിൽ വന്നിറങ്ങിയ യുഎസ് പ്രസിഡന്റ് സബർമതി ആശ്രമത്തിലാണ് ആദ്യം സന്ദർശനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം ആദ്യം സബർമതിയിലെത്തി. പിന്നാലെ യുഎസ് പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും ഔദ്യോഗിക വാഹനമായ ദ ബീസ്റ്റിൽ സബർമതി ആശ്രമത്തിൽ പ്രവേശിച്ചു. ആശ്രമത്തിലെ സന്ദർശനത്തിനുശേഷം നമസ്തേ ട്രംപ് പരിപാടി നടക്കുന്ന മൊട്ടേറ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോയായി പുറപ്പെട്ടു.
റോഡ് ഷോയിൽ പതിനായിരങ്ങൾ
12:53 AM Feb 25, 2020 | Deepika.com