ബംഗളൂരു: ഇന്ത്യയിലെ ലത്തീൻ സഭയ്ക്കു വേണ്ടിയുള്ള പുതിയ ലെക്ഷണറി (വചന വായന പു സ്തകം) പുറത്തിറക്കി. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന സിസിബിഐ മുപ്പത്തിരണ്ടാമത് പ്ലീനറി സമ്മേളനത്തിലാണ് മൂന്ന് വാല്യങ്ങളുള്ള പുതിയ ഇംഗ്ലീഷ് ലെക്ഷണറി പുറത്തിറക്കിയത്. ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഇന്ത്യയിലെ വത്തിക്കാൻ നൂൺഷ്യോ ആർച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോയ്ക്ക് ആദ്യപ്രതി നല്കി പ്രകാശനം നിർവഹിച്ചു.
ദൈവവചനത്തെക്കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കാനും അതുവഴി ആരാധനയിൽ സജീവമായും പൂർണമായും ബോധ്യത്തോടെയും കർത്താവിലേക്ക് ഉയർത്തപ്പെടാനുമുള്ള ഒരു ക്ഷണമാണ് ഈ പുതിയ ലെക്ഷണറിയെന്ന് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. പുതിയ ലെക്ഷണറിയുടെ പ്രകാശനം ഇന്ത്യൻ സഭയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണെന്ന് സിസിബിഐ പ്രസിഡന്റ് ആർച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ അഭിപ്രായപ്പെട്ടു.
ഈ വർഷം ഏപ്രിൽ അഞ്ചിന് ഓശാനഞായർ മുതലുള്ള ആരാധനാഘോഷങ്ങളിൽ ഈ ലെക്ഷണറി ഔദ്യോഗികമായി ഉപയോഗിക്കാൻ തുടങ്ങും. ഇന്ത്യൻ ആരാധനാവത്സര കലണ്ടർ പ്രകാരമാണ് പുതിയ ഇംഗ്ലീഷ് ലെക്ഷണറി തയാറാക്കിയിരിക്കുന്നത്. വിവിധ അനുഷ്ഠാനങ്ങൾ, ഇന്ത്യയിലെ വിശുദ്ധരുടെ നാമഹേതുക തിരുനാളുകൾ, അനുസ്മരണങ്ങൾ, രാജ്യത്തിനു വേണ്ടിയുള്ള ദിവ്യബലികൾ എന്നിവയ്ക്കായി പ്രത്യേക വായനകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ലെക്ഷണറി തയാറാക്കിയിരിക്കുന്നത്.
പ്രകാശനചടങ്ങിൽ സിസിബിഐ ലിറ്റർജി കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. ഐറിസ് ഫെർണാണ്ടസ്, ഏഷ്യൻ ട്രേഡിംഗ് കോർപറേഷൻ സിഇഒ നൈജൽ ഫെർണാണ്ടസ് എന്നിവർ ചേർന്ന് ബിഷപ്പുമാർക്ക് മുന്നിൽ ലെക്ഷണറി അവതരിപ്പിച്ചു. സിസിബിഐ വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. ജോർജ് അന്തോണിസാമി, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ലിറ്റർജി കമ്മീഷൻ ചെയർമാൻ ഡോ. പീറ്റർ പോൾ സൽദാന. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. സ്റ്റീഫൻ ആലത്തറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുതിയ ഇംഗ്ലീഷ് ലെക്ഷണറി പുറത്തിറക്കി
12:28 AM Feb 19, 2020 | Deepika.com