ബംഗളൂർ: ദേശീയതലത്തിൽ സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ കർമപരിപാടികൾ ബംഗളൂരുവിൽ ചേർന്ന സിബിസിഐ 34-ാം പ്ലീനറി സമ്മേളനത്തിൽ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ അവതരിപ്പിച്ചു.
ദേശീയ, റീജണൽ തലങ്ങളിൽ സഭയിലെ അല്മായ നേതാക്കൾക്കു പഠനശിബിരം സംഘടിപ്പിക്കും. ദേശീയതലം മുതൽ ഫാമിലി യൂണിറ്റുകൾ അഥവാ ബേസിക് ക്രിസ്ത്യൻ കമ്യൂണിറ്റി വരെ ബന്ധപ്പെടുന്ന നെറ്റ്വർക്കിനു രൂപം നൽകും. വിവിധ റീജണുകൾ, രൂപതകൾ, ഫൊറോനകൾ, ഇടവകകൾ എന്നിവ ഇതിന്റെ കണ്ണിയായിരിക്കും.
ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ മൂന്നു വിഭാഗങ്ങളിലെയും അല്മായ പ്രസ്ഥാനങ്ങളുടെ ദേശീയതലത്തിൽ ഏകീകരിച്ചുള്ള പ്രവർത്തനങ്ങൾക്കു രൂപം നൽകും. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിൽ കൂടുതൽ ഐക്യവും സ്വരുമയും ഉൗട്ടിയുറപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഭാരതത്തിലെ ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര സഭകളിലെ അല്മായ കമ്മീഷനുകൾ, കത്തോലിക്കാ കോണ്‍ഗ്രസ്, മലങ്കര കാത്തലിക് അസോസിയേഷൻ, ലാറ്റിൻ സഭയിലെ വിവിധ സംഘടനകൾ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ എന്നിവ നടത്തുന്ന സഭാ സേവനങ്ങളെ റിപ്പോർട്ടിൽ പ്രശംസിച്ചു.
ഇതിനോടകം വിവിധ കത്തോലിക്കാ സഭാസമൂഹങ്ങളിൽ തുടക്കമിട്ടിരിക്കുന്ന ലോയേഴ്സ് ഫോറം, മെഡിക്കൽ ഫോറം, ഹിസ്റ്ററി ആൻഡ്് റിസർച്ച് ഫോറം, സോഷ്യൽ ആൻഡ് ചാരിറ്റി ഫോറം, എഡ്യുക്കേഷണലിസ്റ്റ്സ് ഫോറം, സയൻസ് ആൻഡ് ടെക്നോളജി ഫോറം, പ്രഫഷണൽസ് ഫോറം, ഫാർമേഴ്സ് ഫോറം, മീഡിയ ഫോറം, എന്റർപ്രണേഴ്സ് ഫോറം എന്നീ അല്മായ ഫോറങ്ങളുടെ പ്രവർത്തനം ദേശീയതലത്തിൽ വ്യാപിപ്പിക്കും.
രാജ്യത്ത് വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന അതിപ്രഗത്ഭരായ അല്മായരെ ഉൾപ്പെടുത്തി നാഷണൽ തിങ്ക്-താങ്ക് ടീമിനും ലെയ്റ്റി കൗണ്‍സിൽ രൂപം നൽകും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനവും റിപ്പോർട്ടിൽ വിശദീകരിച്ചു. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിലെ ബഹുഭൂരിപക്ഷവും മലയോരങ്ങളിലും ഗ്രാമീണമേഖലകളിലുമുള്ള കർഷകരും തീരദേശങ്ങളിൽ മത്സ്യബന്ധനം ഉപജീവനമാക്കിയിരിക്കുന്നവരുമാണ്.
കാർഷികമേഖല അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്പോൾ സംഘടിതമായ നീക്കങ്ങൾ അനിവാര്യമാണ്. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും കത്തോലിക്കാ സഭ നേതൃത്വം കൊടുക്കുന്നതുമായ ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റി (ഇൻഫാം)ന്റെ പ്രവർത്തനങ്ങൾ രാജ്യവ്യാപകമാക്കണമെന്നും പ്രവർത്തന പദ്ധതികളിൽ നിർദേശിച്ചു. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളെ പ്രതിനിധാനം ചെയ്യുന്ന 14 റീജണൽ കൗണ്‍സിലുകളിലെ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറിമാരുടെ സമ്മേളനം വിളിച്ചുചേർക്കുമെന്നും സെക്രട്ടറി അറിയിച്ചു.
ലെയ്റ്റി കൗണ്‍സിലിനു വിപുല പദ്ധതികൾ
12:28 AM Feb 19, 2020 | Deepika.com