ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ടെലികോം കന്പനികളെയും കൂട്ടുനിന്ന സർക്കാർ ഉദ്യോഗസ്ഥനെയും അതിരൂക്ഷമായി വിമർശിച്ചു സുപ്രീംകോടതി. വാർഷിക ലൈസൻസ് ഫീസ് (എജിആർ) കുടിശിക അടയ്ക്കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന ടെലികോം കന്പനികളെയും ഫീസ് ഈടാക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരെയും വെള്ളിയാഴ്ച ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിറപ്പിച്ചു.
കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നു ചൂണ്ടിക്കാട്ടി കടുത്ത വിമർശനം ഉന്നയിച്ച സുപ്രീംകോടതി നടപടിക്കു തൊട്ടുപിന്നാലെ, സർക്കാർ നടപടിയെടുത്ത് കുടിശികയടയ്ക്കാൻ ടെലികോം കന്പനികൾക്കു നോട്ടീസ് നൽകി. കുടിശികത്തുകയായ 92,000 കോടി രൂപ ഇന്നലെ രാത്രി 11.59ന് മുൻപ് അടച്ചുതീർത്തിരിക്കണമെന്നു സർക്കാർ ടെലികോം കന്പനികളോട് ആവശ്യപ്പെട്ടത്. ഭാരതി എയർടെൽ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കന്പനികൾക്കാണ് ടെലികോം വകുപ്പ് നോട്ടീസ് നൽകിയത്.
ടെലികോം കന്പനികൾ പണം അടച്ചിട്ടില്ലെന്നറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണു ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞത്. “ഈ രാജ്യത്ത് നിയമം എന്നൊന്നില്ലേ. അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിപ്പോയി. ഇതൊന്നും ഈ രാജ്യത്ത് നടക്കാൻ പാടില്ലാത്തതാണ്. എന്നാൽ, സുപ്രീംകോടതി അടച്ചുപൂട്ടിയേക്കാം. കാര്യങ്ങളിനി ഇവർ തീരുമാനിക്കട്ടെ, അവരാണല്ലോ ഉത്തരവുകൾ തടഞ്ഞു വയ്ക്കുന്നത്” എന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര വിമർശിച്ചത്. ഇതൊക്കെ പണാധികാരത്തിന്റെ ഫലമാണെന്നും പറഞ്ഞു.
കന്പനികൾക്കും ടെലികോം വകുപ്പ് ഉദ്യോഗസ്ഥർക്കും കോടതിയലക്ഷ്യ നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. ഫീസ് അടയ്ക്കുന്നതിനു സാവകാശം തേടി ടെലികോം കന്പനികൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ഫീസ് അടയ്ക്കുന്നതിനുസമയം അനുവദിച്ച് ഉത്തരവിറക്കിയ ടെലികോം വകുപ്പിലെ ഡെസ്ക് ഓഫീസറെ കോടതിയിലേക്കു വിളിച്ചുവരുത്തുമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. ഒരു ഡെസ്ക് ഓഫീസർ സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യുകയാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
അടുത്ത തവണ കേസ് പരിഗണിക്കുംമുന്പ് പണം അടച്ചില്ലെങ്കിൽ കന്പനി മേധാവികൾ കോടതിയിൽ ഹാജരാവേണ്ടിവരുമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. കേസ് മാർച്ച് ഏഴിന് വീണ്ടും പരിഗണിക്കും.
കന്പനികൾ 1.47 ലക്ഷം കോടി രൂപ കുടിശികയാണ് അടയ്ക്കാനുള്ളത്. ഇതിനെതിരേ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിയിരുന്നു. തുടർന്നാണ് കന്പനികൾ പണം അടയ്ക്കാൻ സാവകാശം തേടിയത്.
സെബി മാത്യു
ടെലികോം കന്പനികളെ നിർത്തിപ്പൊരിച്ച് സുപ്രീംകോടതി
12:46 AM Feb 15, 2020 | Deepika.com