ന്യൂഡൽഹി: സഹയാത്രക്കാർക്കു ഭീഷണിയാകുന്നവർക്കു നിശ്ചിതകാലത്തേയ്ക്കു വിലക്ക് ഏർപ്പെടുത്താൻ റെയിൽവേയുടെ നീക്കം. യാത്രക്കാർക്കിടയിൽ മോശമായി പെരുമാറുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. യാത്രക്കാരുടെ ജീവൻ വച്ച് പന്താടുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്.
ഇതു കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് കടക്കാൻ റെയിൽവേ ആലോചിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിശ്ചിത കാലം വരെ ട്രെയിനിൽ കയറാൻ അനുവദിക്കാത്തവിധം യാത്രക്കാരന് നിരോധനം ഏർപ്പെടുത്താനാണ് പദ്ധതിയിടുന്നത്.
വിമാനത്തിൽ യാത്ര ചെയ്യുന്നതിന് വിലക്ക് നേരിടുന്ന യാത്രക്കാരന് ട്രെയിനിലും യാത്ര ചെയ്യാൻ കഴിയാത്തവിധമുളള സംവിധാനമാണ് ഒരുക്കുന്നത്. യാത്രക്കാരുടെ പട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കി കൊണ്ടുളള നടപടിയാണ് സ്വീകരിക്കുക.
മോശം പെരുമാറ്റത്തിന്റെ പേരിൽ വിലക്ക് നേരിടുന്ന യാത്രക്കാരുടെ പട്ടിക വിമാന കന്പനികളിൽ നിന്ന് ശേഖരിക്കും. ഇത് റെയിൽവേയുടെ സിസ്റ്റത്തിൽ ചേർക്കും. ഇതോടെ ഇവർക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. ആറുമാസം വരെ യാത്രക്കാരെ വിലക്കുന്ന കാര്യമാണ് റെയിൽവേ ആലോചിക്കുന്നത്.
സഹയാത്രക്കാർക്കു ഭീഷണിയാകുന്നവർക്കു റെയിൽവേ വിലക്ക്
12:11 AM Jan 30, 2020 | Deepika.com