ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം കുറയുന്നെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു). ഇതേ തുടർന്നു ജനാധിപത്യ സൂചികയുടെ ആഗോള പട്ടികയിൽ ഇന്ത്യ പത്തുസ്ഥാനം താഴോട്ടുപോയി.
51-ാം സ്ഥാനമാണു 2019 ലെ പട്ടികയിൽ ഇന്ത്യക്കുള്ളത്.രാജ്യത്തു പൗരസ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായി ഇഐയും വിലയിരുത്തി. ദ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിശകലന വിഭാഗമാണ് ഇഐയു. 2018-ൽ ഇന്ത്യയുടെ സ്കോർ 7.23 ആയിരുന്നു. 2019-ൽ അത് 6.9 ആയി താണു. ഒന്നാം സ്ഥാനത്തുള്ള നോർവേക്ക് 9.87-ഉം ഏറ്റവും താഴെയുള്ള ഉത്തരകൊറിയയ്ക്ക് 1.08 ഉം ആണ് സ്കോർ. 2.26 സ്കോർ ഉള്ള ചൈന 153-ാമതാണ്.
ജമ്മു കാഷ്മീരിൽ വരുത്തിയ മാറ്റങ്ങളും ആസാമിലെ വിവാദ പൗരത്വ രജിസ്റ്ററും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ ജനാധിപത്യം കുറയുന്നുവെന്ന് ഇഐയു വിലയിരുത്തിയത്.
കാഷ്മീരിലെ അറസ്റ്റുകളും ഇന്റർനെറ്റ് വിലക്കും സൈനിക വിദ്യാഭ്യാസവുമൊക്കെ റിപ്പോർട്ടിൽ വിമർശന വിധേയമായി. ആസാമിൽ 19 ലക്ഷം പേർക്ക് പൗരത്വം നിഷേധിക്കപ്പെട്ടതും ചൂണ്ടിക്കാണിച്ചു. പട്ടികയിൽ പാക്കിസ്ഥാൻ 108 ഉം ശ്രീലങ്ക 69 ഉം ബംഗ്ലാദേശ് 80-ഉം സ്ഥാനത്താണ്. 167 രാജ്യങ്ങളാണു പട്ടികയിലുള്ളത്.
ജനാധിപത്യ പട്ടികയിൽ ഇന്ത്യ താഴോട്ട്
01:10 AM Jan 23, 2020 | Deepika.com