ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മൂന്നാം തവണ തെരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്പോൾ എതിർ സ്ഥാനാർഥികളായി ന്യൂഡൽഹി മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി നിൽക്കുന്നത് 60 പേർ. കേജരിവാൾ ഉൾപ്പടെ അറുപത് പേരുടെ 88 നാമനിർദേശ പത്രികയാണ് ചൊവ്വാഴ്ച ന്യൂഡൽഹി മണ്ഡലത്തിൽ നിന്നു മത്സരിക്കാൻ നൽകിയിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം തള്ളിയിരുന്നു. ആകെ മത്സരാർഥികളുടെ എണ്ണം വെള്ളിയാഴ്ചയോടെ മാത്രമേ വ്യക്തമാകൂ.
അതിനിടെ ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വന്പൻ റോഡ്ഷോകളും വീടുകൾ കയറിയുള്ള പ്രചാരണവുമായി മുന്നേറുന്പോൾ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രചാരണങ്ങളുടെ മുന്നിൽ കേരളത്തിൽ നിന്നുള്ള നേതാക്കളാണ്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള, കോണ്‍ഗ്രസിന്റെ സ്റ്റാർ പ്രചാരണ പട്ടികയിൽ കേരളത്തിൽനിന്ന് പി.സി ചാക്കോയും ശശി തരൂരുമാണുള്ളത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെ 40 താരപ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുള്ളത്. ബിജെപി പ്രചാരണങ്ങളുടെ ചുമതല കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്.
സോണിയയ്ക്കും രാഹുലിനും പുറമേ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആണ് കോണ്‍ഗ്രസ് പട്ടികയിലെ പ്രമുഖൻ. പ്രിയങ്ക ഗാന്ധി, ഗുലാം നബി ആസാദ് എന്നിവർക്കു പിന്നിൽ ആറാമനായാണ് പി.സി ചാക്കോ പട്ടികയിൽ ഇടം പിടിച്ചത്. മുൻ എംപിയായ പി.സി ചാക്കോ ഡൽഹിയുടെ ചുമതലയുള്ള നേതാവാണ്. ചാക്കോയ്ക്കു പുറമേ ശശി തരൂർ മാത്രമാണ് കേരളത്തിൽനിന്ന് പട്ടികയിൽ ഉള്ളത്.
തിരുവനന്തപുരം എംപിയായ ശശി തരൂർ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രചാരണത്തിൽ മുൻനിരയിൽ നിന്നു പ്രതികരിക്കുന്ന നേതാവാണ്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവർ ഡൽഹിയിൽ പ്രചാരണത്തിനെത്തും. സിനിമയിൽനിന്ന് കോണ്‍ഗ്രസിൽ എത്തിയ നഗ്മ, ഖുശ്ബു എന്നിവരും ഡൽഹി പ്രചാരണത്തിൽ സജീവമാവും. ബിജെപി വിട്ടെത്തിയ ഹിന്ദി നടൻ ശത്രുഘ്നൻ സിൻഹയും മുൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദുവും കോണ്‍ഗ്രസിന് വേണ്ടി ഡൽഹിയിൽ പ്രചാരണത്തിന് ഇറങ്ങും.
ഡൽഹിയിൽ അധികാരം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മൽസര രംഗത്തിറങ്ങുന്നത്. അമിത് ഷായിൽ നിന്നും ജെ.പി നഡ്ഡ പാർട്ടി പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഡൽഹിയിലേത്. ബിജെപിക്ക് വേണ്ടി ബോളിവുഡ് താരവും എംപിയുമായ ഹേമമാലിനി, സൂഫി ഗായകൻ ഹൻസ് രാജ് ഹൻസ്, ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ, ഭോജ്പുരി നടനും എംപിയുമായ രവി കിഷൻ എന്നിവരും പ്രചാരണത്തിന് ഇറങ്ങും.
ഭോജ്പുരി നടനും ഗായകനുമായ ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിയും ഇവർക്കൊപ്പം തിളങ്ങി നിൽക്കും.
ഡൽഹിയിൽ ഏഴു സീറ്റുകളിൽ മത്സരിക്കുന്ന എൻസിപിക്ക് വേണ്ടി പാർട്ടി നേതാവ് ശരദ് പവാർ, സുപ്രിയ സുലേ എംപി, പ്രഫുൽ പട്ടേൽ, ശങ്കർ സിംഗ് വഗേല എന്നിവരും പ്രചാരണത്തിനിറങ്ങും.
ഡൽഹി തെരഞ്ഞെടുപ്പ് : പ്രചാരണം കൊഴുപ്പിക്കാൻ മുന്നണികൾ
01:00 AM Jan 23, 2020 | Deepika.com