ന്യൂഡൽഹി: ഇന്ത്യയിൽ അടുത്ത വർഷം നടത്താനിരുന്ന ഏഷ്യൻ രാജ്യങ്ങളിലെ കത്തോലിക്കാ യുവജനദിന സമ്മേളനം (ഏഷ്യൻ യൂത്ത് ഡേ) ഉപേക്ഷിച്ചു. ഇന്ത്യയിലെ രാഷ്ട്രീയസാഹചര്യം അനുകൂലമല്ലാത്തതിനാലാണു 2021ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടി വരുന്നതെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ യൂത്ത് കൗണ്സിൽ സെക്രട്ടറി ഫാ. ചേതൻ മച്ചാഡോ പറഞ്ഞു.ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ ഫെബ്രുവരിയിൽ ചേരുന്ന പ്ലീനറി സമ്മേളനത്തിൽ ഇതു സംബന്ധിച്ച അന്തിമതീരുമാനമെടുക്കും.
രാജ്യത്ത് നിലവിലുള്ള സ്ഥിതിവിശേഷം കണക്കിലെടുത്തു സമ്മേളനം ഉപേക്ഷിക്കാനാണു തീരുമാനമെന്ന് സിബിസിഐ യൂത്ത് കമ്മീഷൻ തലവനായ കോട്ടാർ ബിഷപ് ഡോ. നസറീൻ സൂസൈയും വ്യക്തമാക്കി. ഇപ്പോഴത്തെ നിലയിൽ ഏഷ്യൻ യുവജന സമ്മേളനം 2021 ൽ നടത്താൻ കഴിയില്ലെന്നാണു തോന്നുന്നതെന്നു ഫാ. ചേതൻ വിശദീകരിച്ചു.
അയൽരാജ്യങ്ങളിൽ നിന്നെത്തേണ്ട യുവജന പ്രതിനിധികൾക്കും സഭാധികാരികൾക്കും വീസ അനുവദിക്കില്ലെന്നത് അടക്കമുള്ള പ്രശ്നങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇന്തോനേഷ്യയിലെ യോഗ്യകർത്തയിൽ 2017ൽ നടന്ന സമ്മേളനത്തിലാണ് അടുത്ത സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാമെന്ന് ഇന്ത്യ സമ്മതിച്ചത്.
സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ചുബിഷപുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ച് പ്രഖ്യാപനവും സമ്മേളനത്തിന്റെ സമാപനദിവസം നടത്തിയിരുന്നു.
ഈ വർഷം നടത്താനിരുന്ന സമ്മേളനം അടുത്ത വർഷത്തേക്ക് മാറ്റിയെങ്കിലും 2021ലും നടത്താൻ കഴിയില്ലെന്ന വിലയിരുത്തലാണുള്ളത്. 1999ൽ തായ്ലൻഡിലായിരുന്നു ആദ്യസമ്മേളനം. 2003ൽ ബംഗളൂരുവിൽ ഏഷ്യൻ യൂത്ത് ഡേ സമ്മേളനം വിജയകരമായി നടത്തിയിരുന്നു.
ഇന്ത്യയിൽ നടത്താനിരുന്ന ഏഷ്യൻ കത്തോലിക്കാ യുവജന സമ്മേളനം ഉപേക്ഷിച്ചു
12:23 AM Jan 15, 2020 | Deepika.com