ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ തയാറാണെന്നറിയിച്ച് ഷൂട്ടിംഗ് താരം വർത്തിക സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാജ്യാന്തര താരമായ വർത്തിക സ്വന്തം ചോര കൊണ്ട് എഴുതിയ കത്ത് മാധ്യമങ്ങൾക്കു മുന്പാകെയും പ്രദർശിപ്പിച്ചു. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ തനിക്ക് അനുവാദം നൽകിയാൽ ഒരു സ്ത്രീക്ക് വധശിക്ഷ നടപ്പിലാക്കാനാകുമെന്ന സന്ദേശം നൽകാനാകുമെന്ന് അവർ പറയുന്നു. ഇതു സമൂഹത്തിൽ മാറ്റമുണ്ടാക്കാനാകുമെന്നാണു പ്രതീക്ഷ. സ്ത്രീകൾക്കെതിരേ അതിക്രൂരമായ കുറ്റകൃത്യം നടത്തിയവരെ ഒരു സ്ത്രീ തന്നെയാണു തൂക്കിലേറ്റേണ്ടത്. ഇക്കാര്യത്തിൽ നടിമാരുടെയും എംപിമാരുടെയും പിന്തുണ തനിക്കാവശ്യമാണെന്നും വർത്തിക പറഞ്ഞു.
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സമാനമായ ആവശ്യവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ രംഗത്തെത്തിയിരുന്നു.
നിർഭയ കേസിൽ ആരാച്ചാരെ ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഉത്തർ പ്രദേശ് ജയിൽ വകുപ്പിനു നേരത്തേ കത്തയച്ചിരുന്നു. അതേസമയം വധശിക്ഷ നടപ്പാക്കാൻ മീററ്റിൽ നിന്നുള്ള ആരാച്ചാരായ പവൻ കുമാർ സന്നദ്ധത അറിയിച്ചെന്നാണ് സൂചന.
നിർഭയ പ്രതികളെ തൂക്കിലേറ്റാൻ അവസരം തേടി ഷൂട്ടിംഗ് താരം വർത്തിക സിംഗ്
12:38 AM Dec 16, 2019 | Deepika.com