ന്യൂഡൽഹി: ഉന്നാവോ മാനഭംഗക്കേസിലെ പെണ്‍കുട്ടിയുടെ മരണത്തിനെതിരേ പ്രതിഷേധിക്കുന്നതിനിടെ മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച അമ്മ പോലീസ് പിടിയിൽ. ഉന്നാവോ പെണ്‍കുട്ടി ചികിത്സയിലിരിക്കേ മരിച്ച സഫ്ദർജംഗ് ആശുപത്രിക്ക് പുറത്തു നടന്ന പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം. ആറു വയസുകാരിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.
കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനായിരുന്നു ശ്രമിച്ചത്. ഉടൻ തന്നെ ഇടപെട്ട പോലീസ് കുട്ടിയെ രക്ഷിച്ചു. അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജ്യത്ത് പെണ്‍കുട്ടികൾ നിരന്തരം ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ, എങ്ങനെ താനെന്റെ കുട്ടിയെ വളർത്തും എന്നു ചോദിച്ചായിരുന്നു അമ്മ കുട്ടിയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ചത്. വർധിക്കുന്ന സ്ത്രീപീഡനങ്ങളിലും, ഉന്നാവോ പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയ പോലീസിന്റെ നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ചായിരുന്നു പ്രകടനം.
മകളുടെ ദേഹത്തു മണ്ണെണ്ണയൊഴിച്ച് അമ്മയുടെ പ്രതിഷേധം
12:15 AM Dec 08, 2019 | Deepika.com