ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കഠിനാധ്വാനം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ ഉറപ്പ്. മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനൊപ്പം എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ എത്തിക്കാൻ അജിത് പവാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നതിന്റെ സൂചനയാണീ വാക്കുകളെന്ന് വ്യാഖ്യാനങ്ങളുണ്ട്.
അതിനിടെ ട്വിറ്റർ വിലാസത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്നുകൂടി അജിത് പവാർ കൂട്ടിച്ചേർത്തു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് എന്നുകൂടി ഉൾപ്പെടുത്തുകയും ചെയ്തു.
ശനിയാഴ്ച പുലർച്ചെ നാടകീയമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രി ഫഡ്നാവിസിനെയും ഉപമുഖ്യമന്ത്രി അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് രണ്ടു നേതാക്കളും കഠിനാധ്വാനം ചെയ്യുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കഠിനാധ്വാനം ചെയ്യുമെന്ന ഉറപ്പ് അജിത് പവാർ നൽകിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റു കേന്ദ്രമന്ത്രിമാരായ നിഥിൻ ഗഡ്കരി, നിർമല സീതാരാമൻ, സ്മൃതി ഇറാനി, രാജ്നാഥ് സിംഗ്, പീയുഷ് ഗോയൽ, ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവർക്കും അജിത് പവാർ നന്ദി അറിയിച്ചിട്ടുണ്ട്.
ഉറച്ച സർക്കാർ ഉറപ്പു നൽകുന്നു: അജിത് പവാർ
01:00 AM Nov 25, 2019 | Deepika.com