ന്യൂഡൽഹി: രാജ്യത്തു മറ്റൊരിടത്തും ഇല്ലാത്ത വിഭവങ്ങളുമായി ഡൽഹിയിൽ ഒരു ബാർ തുറന്നിട്ടുണ്ട്, മെനു കണ്ടാൽ നിങ്ങൾ ഞെട്ടും! ഓക്സിജൻ ഫ്ളേവറില്ലാതെ 299 രൂപ. ഫ്ളേവറോടു കൂടിയതിന് 499 രൂപ. അതേ, അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ ശ്വാസകോശത്തെക്കുറിച്ച് ആലോചിക്കുന്പോൾ ആശ്വസിക്കാൻ ഒന്നുമില്ലാത്ത ജനതയ്ക്ക് ഒന്നു മിനുങ്ങാനും സമാധാനത്തോടെ ഒന്നു നിശ്വസിക്കാനും ഓക്സി പ്യുവർ എന്ന ഈ ബാർ ഒരാശ്വാസമാകും.
ഉള്ളിലേക്കെടുക്കുന്ന വായുവിൽ ഓക്സിജനും ഉണ്ടെന്നുള്ളതു ഡൽഹി ജനതയ്ക്ക് ഇപ്പോൾ ഒരു വിശ്വാസം മാത്രമാണ്. ലോകത്തു തന്നെ മറ്റൊരിടത്തു വസിക്കുന്നവർക്കും വിശ്വസിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ഡൽഹിക്കാർ ഇപ്പോൾ ശ്വാസം കഴിക്കുന്നത്. അതിനിടയിലാണ് നഗരത്തിന്റെ ഒരു കോണിൽ ആളുകൾക്ക് ആശ്വാസമായി ഓക്സി പ്യുവർ എന്ന ഓക്സിജൻ ബാർ തുറന്നിരിക്കുന്നത്.
പക്ഷേ, ഇതുവരെ സൗജന്യമായി ശ്വസിച്ചിരുന്ന വായുവിന് ഇവിടെ വില നൽകേണ്ടി വരുമെന്ന വ്യത്യാസം മാത്രം. തലസ്ഥാനത്തു വേണ്ടുവോളം മാലിന്യം ശ്വസിക്കാൻ കിട്ടുന്നതിനു പുറമേ അടുത്തു കിടക്കുന്ന നാലു സംസ്ഥാനങ്ങളിൽനിന്നു വിരുന്നു വരുന്ന മാലിന്യം കൂടി ശ്വസിച്ചു വശം കെട്ടിരിക്കുന്ന ഡൽഹി ജനതയ്ക്ക് ഏറെ ആശ്വാസമാണ് സാകേതിൽ പ്രവർത്തിക്കുന്ന ഈ ഓക്സിജൻ ബാർ.
സാകേത് സെലക്ട് സിറ്റി വാക്കിൽ കഴിഞ്ഞ മേയിലാണ് ഓക്സി പ്യുവർ പ്രവർത്തനം ആരംഭിച്ചത്. ഡിസംബറിൽ മറ്റൊരെണ്ണം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലും ആരംഭിക്കുമെന്ന് ഇവിടത്തെ ജീവനക്കാരനായ ബോണി ഇറെംഗ്ബാം പറഞ്ഞു. ലാസ് വെഗാസിലെ ഒരു വെനീഷ്യൻ റിസോർട്ടിൽ ഇതു പോലൊരു ഓക്സിജൻ ബാർ കണ്ടു പരിചയിച്ച് 26കാരനായ ആര്യവീർ കുമാറും 25കാരി മാർഗരിറ്റ കുറിറ്റ്സിനയും ചേർന്നാണ് ഡൽഹിയിൽ ഓക്സി പ്യുവർ എന്ന സംരംഭത്തിനു തുടക്കമിട്ടത്.
പതിനഞ്ച് മിനിറ്റ് ഓക്സിജൻ ശ്വസിക്കാൻ 299 രൂപയാണ് സാധാരണ റേറ്റ്. 499 രൂപ കൊടുത്താൽ വിവിധ സുഗന്ധത്തിലും പലവിധ രുചിയിലും ഓക്സിജൻ ശ്വസിക്കാം. പല തരം ഫ്ളേവറുകളാണുള്ളത്. ലെമണ്ഗ്രാസ്, ഓറഞ്ച്, സിനമോണ്, സ്പിയർമിന്റ്, പെപ്പർമിന്റ്, യൂക്കാലിപ്റ്റസ്, ലാവൻഡർ, ചെറി, വാനില ഫ്ളേവറുകളിൽ ഇവിടെ വന്ന് ഓക്സിജൻ ശ്വസിച്ച് ആശ്വസിച്ചു പോകാം. ഒരു പ്രത്യേക ഫ്ളേവറിലുള്ള ഓക്സിജൻ ശ്വസിച്ചു കൊണ്ടിരിക്കുന്പോൾ ഇനി അതിന്റെ മണവും രുചിയും പിടിച്ചില്ലെങ്കിൽ ഒറ്റ സ്വിച്ചിൽ ഞെക്കിയാൽ അടുത്ത ഫ്ളേവറിലേക്കു ശ്വസനക്രിയ മാറ്റുകയും ചെയ്യാം. യൂക്കാലിപ്റ്റസ് ശ്വാസനാളത്തിന്റെ അസ്വസ്ഥത നീക്കുകയും തൊണ്ടയ്ക്കു കുളിർമ നൽകുകയും ചെയ്യും. വാനില മനസിനെ ശാന്തമാക്കും. സ്പിയർമിന്റ് പേശികൾക്ക് അയവേകും. പെപ്പർമിന്റ് ഓക്കാനം, ഛർദി തുടങ്ങിയവ അകറ്റും.
ആശുപത്രികളിൽ നൽകുന്നതു പോലെയുള്ള മരുന്നുകൾ ചേർത്ത ഓക്സിജനല്ല. വായുവിൽനിന്നു വേർതിരിച്ചു ശുദ്ധീകരിച്ച ഈ ഓക്സിജൻ 90 ശതമാനവും ശുദ്ധമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ഈ ബാറിൽ കയറി ഓക്സിജനടിച്ചു ശ്വാസകോശം ഫിറ്റാക്കാൻ വരാവൂ.
തലസ്ഥാന ജനത ശ്വസം കിട്ടാതെ നെട്ടോട്ടമോടുന്പോൾ ഇതിനൊരു പരിഹാരം ചർച്ച ചെയ്യാൻ പാർലമെന്ററികാര്യ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. അതേസമയം, ഡൽഹിയിലെ ഒരേയൊരു എംപിയും ബിജെപി അംഗവുമായ ഗൗതം ഗംഭീർ ഈ യോഗത്തിൽ പങ്കെടുക്കാൻ എത്താതെ ഇൻഡോറിൽ ഇന്ത്യ- ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിനു ശ്വാസം വിടാതെ കമന്ററി പറയുന്ന തിരക്കിലായിരുന്നത്രേ!
സെബി മാത്യു
ഡൽഹിയിലെ ഓക്സിജൻ ബാർ വിളിക്കുന്നു, പല ഫ്ളേവറുകളിൽ ശ്വസിക്കാം
12:23 AM Nov 18, 2019 | Deepika.com