ന്യൂഡൽഹി: ശബരിമല കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നിലനിൽക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ രംഗത്ത്. കോടതിയുടെ ഉത്തരവുകൾ കളിക്കാനുള്ളതല്ലെന്നും നടപ്പിലാക്കേണ്ടതാണെന്നും ജസ്റ്റീസ് നരിമാൻ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യത്തിനെതിരേ നൽകിയ ഹർജി പരിഗണിക്കവേയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു കോടതി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ശബരിമല വിധിയിൽ തങ്ങളുടെ ഭിന്ന വിധി നിങ്ങൾ വായിച്ചു നോക്കണം. വിധിയെ കുറിച്ചു നിങ്ങളുടെ ഉദ്യോഗസ്ഥരെ ബോധവാന്മാരാക്കുക. കോടതി ഉത്തരവുകൾ കളിക്കാനുള്ളതല്ല.
തങ്ങളുടെ ഉത്തരവുകൾ നിലനിൽക്കുന്നതാണെന്നു നിങ്ങളുടെ സർക്കാരിനോടു പറയണമെന്നും സോളിസിറ്റർ ജനറലിന്റെ പേര് സംബോധന ചെയ്തുകൊണ്ട് ജസ്റ്റീസ് നരിമാൻ വ്യക്തമാക്കി.
ശബരിമലയുമായി ബന്ധമില്ലാത്ത കേസ് പരിഗണിക്കവേയാണ് വിഷയം ചൂണ്ടിക്കാട്ടി ജസ്റ്റീസ് നരിമാൻ സോളിസിറ്റർ ജനറലിനെതിരേ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കാത്തതിലായിരുന്നു ജസ്റ്റീസ് നരിമാന്റെ രോഷം. എന്നാൽ, വിഷയത്തെ കുറിച്ചു പ്രതികരിക്കാൻ സോളിസിറ്റർ ജനറൽ തയാറായിട്ടില്ല.
ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നിലനിൽക്കും: ജസ്റ്റീസ് നരിമാൻ
12:51 AM Nov 16, 2019 | Deepika.com