ദേരാബാബ നാനാക് (പഞ്ചാബ്)- കർതാർപുർ (പാക്കിസ്ഥാൻ): പാക്കിസ്ഥാനിലെ കർതാർപുർ ഗുരുദ്വാര ദർബാർ സാഹിബും പഞ്ചാബിലെ ദേരാബാബ നാനാക് തീർഥാടന കേന്ദ്രവും തമ്മിൽ ബന്ധിക്കുന്ന കർതാർപുർ ഇടനാഴി ഉദ്ഘടാനം ചെയ്തു. ദേരാബാബ നാനാകിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർതാർപുരിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇടനാഴിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കർതാർപുർ ഗുരുദ്വാരയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ വൈകാരികത മനസിലാക്കിയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇടനാഴിയുടെ പാക്കിസ്ഥാനിലെ ഭാഗം നിർമിച്ച തൊഴിലാളികൾക്കും ഷിക്കാർ മസിഹാൻ ബിഎസ്എഫ് ക്യാന്പിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസംഗിക്കവേ മോദി നന്ദി പ്രകടിപ്പിച്ചു.
കർതാർപുർ ഗുരുദ്വാരയിലേക്കുള്ള ആദ്യബാച്ച് സംഘത്തിന്റെ ഫ്ലാഗ് ഓഫ് കർമവും പ്രധാനമന്ത്രി നിർവഹിച്ചു. ഗുരുനാനാക് ദേവിന്റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് കർതാർപുർ ഇടനാഴി നിർമിച്ചത്. ഈ മാസം 12 ആണ് ഗുരുനാനാക്കിന്റെ ജന്മവാർഷികം. ഗുഗുനാനാക് മരണം വരെ 18 വർഷം കർതാർപുരിലാണ് താമസിച്ചിരുന്നത്.
കർതാർപുരിൽ നടന്ന ചടങ്ങിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടനാഴി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയിൽ വലിയൊരു കൃപാണും (സിക്കുകാരുടെ ആയുധം) പ്രദർശിപ്പിച്ചിരുന്നു. കർതാർപുർ ഇടനാഴിയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു വർഷം മുന്പ് വരെ അറിയില്ലായിരുന്നെന്ന് പതിനായിരത്തിലധികം തീർഥാടകരെ സാക്ഷിയാക്കി ഇമ്രാൻ പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, നവജ്യോത് സിംഗ് സിദ്ദു എന്നിവർ തീർഥാടകരായി ചടങ്ങിൽ പങ്കെടുത്തു. ആദ്യബാച്ച് ഇന്ത്യൻ തീർഥാടക സംഘത്തെയും ഇമ്രാൻ സ്വീകരിച്ചു.
കർതാർപുർ ഇടനാഴി ഉദ്ഘാടനം ചെയ്തു
02:32 AM Nov 10, 2019 | Deepika.com