ന്യൂഡൽഹി: കെപിസിസി ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി.
പുതിയ ഭാരവാഹികളുടെ പട്ടിക ദേശീയ നേതൃത്വത്തിനു കൈമാറി. അയോധ്യ വിധി പുറപ്പെടുവിച്ചതിനു പിന്നാലെ കോണ്ഗ്രസ് ആസ്ഥാനത്തു ചേർന്ന പ്രത്യേക എഐസിസി വർക്കിംഗ് കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ച. പുനഃസംഘടന സംബന്ധിച്ച് നിലവിൽ സംസ്ഥാനത്ത് തർക്കമൊന്നുമില്ലെന്നും സംസ്ഥാന നേതൃത്വത്തിൽ എല്ലാവരുമായും ചർച്ച ചെയ്താണ് പട്ടിക തയാറാക്കിയതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളെ കുറിച്ചു സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തി. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട പാർട്ടി നയങ്ങളെ കുറിച്ചും ചർച്ച ചെയ്തെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
സോണിയയുമായി മുല്ലപ്പള്ളിയും ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി
02:09 AM Nov 10, 2019 | Deepika.com