ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ വീണ്ടും കോണ്ഗ്രസ് അധ്യക്ഷനാക്കാൻ സമ്മർദം. താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ ചേരുന്ന വർക്കിംഗ് കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിക്കാൻ രാഹുൽ അനുകൂലികൾ തയാറെടുക്കുന്നുണ്ട്.
സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർക്കുള്ള എസ്പിജി സുരക്ഷ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കോണ്ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ഇന്നത്തെ പ്രവർത്തക സമിതിയിൽ ഇക്കാര്യവും ചർച്ചയായേക്കും. ഗാന്ധി കുടുംബാംഗങ്ങളുടെ എസ്പിജി സുരക്ഷ ഒഴിവാക്കിയതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഒൗദ്യോഗിക വസതിയിലേക്ക് ഇന്നലെ വൈകുന്നേരം തന്നെ കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
രാഹുൽ ഗാന്ധി കോണ്ഗ്രസ് അധ്യക്ഷ പദവിയിൽ തിരിച്ചുവരുമെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി ഇന്നലെ തിരുവനന്തപുരത്തു പ്രസ്താവന നടത്തിയതു വ്യക്തമായ സൂചനയാണ്. ആരോഗ്യകാരണങ്ങളാലാണ് നേരത്തെ സോണിയ അധ്യക്ഷ പദവി ഒഴിഞ്ഞത്. കഴിഞ്ഞ മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിൽ സജീവമാകാൻ സോണിയയ്ക്കു കഴിഞ്ഞിരുന്നില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കാൻ രാഹുൽ അല്ലാതെ തത്കാലം വേറെ ആരുമില്ലെന്ന കാര്യത്തിൽ കോണ്ഗ്രസ് നേതൃത്വത്തിൽ വലിയ തർക്കമില്ല.
പ്രിയങ്ക ഗാന്ധിയെ കോണ്ഗ്രസ് അധ്യക്ഷയാക്കാമെന്ന നിർദേശം ചിലർ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും രാഹുൽ തന്നെയാണു വേണ്ടതെന്നു നേതൃത്വത്തിലെ പ്രബലർ തീരുമാനിച്ചിട്ടുണ്ട്. രാഹുലും പ്രിയങ്കയും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാതെ പാർട്ടിയുടെ തിരിച്ചുവരവ് എളുപ്പമാകില്ലെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.
സോണിയയുടെ അനാരോഗ്യം കണക്കിലെടുത്ത് രാഹുലിന്റെ തിരിച്ചുവരവ് ഇനിയും വൈകിക്കരുതെന്ന് പ്രവർത്തകസമിതിയിലെ ഒരംഗം ഇന്നലെ ദീപികയോട് പറഞ്ഞു. നാളത്തെ പ്രവർത്തക സമിതിയിൽ തന്നെ ഇക്കാര്യം ഉന്നയിക്കാനാണു ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം ഇന്ന് ഉണ്ടാകില്ലെങ്കിലും രണ്ടോ മൂന്നോ മാസത്തിനകം രാഹുലിനെ പ്രസിഡന്റാക്കാനാണു ലക്ഷ്യമെന്നും നേതാവ് വിശദീകരിച്ചു.
അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി വരുന്പോൾ പാർട്ടി സ്വീകരിക്കേണ്ട നിലപാടു ചർച്ച ചെയ്യുകയാണ് ഇന്നത്തെ വർക്കിംഗ് കമ്മിറ്റിയുടെ പ്രധാന അജൻഡ. പാർലമെന്റ് സമ്മേളനം 18ന് ആരംഭിക്കുന്പോൾ സ്വീകരിക്കേണ്ട തന്ത്രങ്ങൾ, മഹാരാഷ്ട്ര അടക്കമുള്ള പൊതു രാഷ്ട്രീയ സ്ഥിതിഗതികൾ തുടങ്ങിയവയും പ്രവർത്തക സമിതി വിലയിരുത്തും.
കേരളത്തിലെ പാർട്ടി പുനഃസംഘടന സംബന്ധിച്ച് എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.സി. ചാക്കോ തുടങ്ങിയവർ പരസ്പരവും സോണിയാ ഗാന്ധി, അഹമ്മദ് പട്ടേൽ, മുകുൾ വാസ്നിക് തുടങ്ങിയവരുമായും ഇന്നും നാളെയുമായി ഡൽഹിയിൽ ചർച്ച നടത്തി തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാനും പരിപാടിയുണ്ട്.
ജോർജ് കള്ളിവയലിൽ
രാഹുലിനെ വീണ്ടും കോണ്ഗ്രസ് അധ്യക്ഷനാക്കാൻ സമ്മർദം
01:07 AM Nov 09, 2019 | Deepika.com