ന്യൂഡൽഹി: ഹിന്ദു മഹാസഭ നേതാവായിരുന്ന വിനായക് ദാമോദർ സവർക്കറെ പുകഴ്ത്തി സുപ്രീംകോടതി അഭിഭാഷകനും മുതിർന്ന കോണ്ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അനിഷേധ്യമായ പങ്കുവഹിച്ച വ്യക്തിയാണ് സവർക്കർ.
ദളിത് അവകാശപ്പോരാട്ട നായകനാണ് അദ്ദേഹം. അസ്പർശ്യർ ആയിരുന്ന ദളിത് സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ജയിൽ വാസം അനുഭവിച്ചിട്ടുള്ള നേതാവുമാണ് സവർക്കറെന്ന് മനു അഭിഷേക് സിംഗ്വി ട്വീറ്റ് ചെയ്തു. സവർക്കർക്ക് ഭാരതരത്ന ബഹുമതി നൽകണമെന്ന ബിജെപി മഹാരാഷ്ട്ര ഘടകത്തിന്റെ നിർദേശത്തിനെതിരേ കോണ്ഗ്രസ് രൂക്ഷമായ വിമർശനം നടത്തിയിരുന്നു. അതിനിടെയാണ് സവർക്കറെ പുകഴ്ത്തി സിംഗ്വിയുടെ അഭിപ്രായപ്രകടനം.
വ്യക്തിപരമായി സവർക്കറുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിപ്പില്ല. അതിന്റെ അനുയായിയുമല്ല. എന്നുവച്ച് സ്വാതന്ത്ര്യസമരത്തിലും ദളിത് പോരാട്ടങ്ങളിലും സവർക്കർ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയുന്നതല്ലെന്ന് സിംഗ്വിപറഞ്ഞു. ബിജെപി മഹാരാഷ്ട്ര സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒക്ടോബർ 21 ന് പുറത്തിറക്കിയ പ്രകടന പത്രികയിലാണ സവർക്കർക്ക് ഭാരതരത്ന നൽകാൻ എൻഡിഎ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അറിയിച്ചിരുന്നത്.
സവർക്കറെ പുകഴ്ത്തി കോണ്ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി
11:16 PM Oct 21, 2019 | Deepika.com