ന്യൂഡൽഹി/ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നടക്കുന്ന കർതാപുർ ഇടനാഴിയുടെ ഉദ്ഘാടനചടങ്ങിൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് പങ്കെടുക്കില്ല. പകരം തീർഥാടകനായി മൻമോഹൻ സിംഗ് പോകുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു.
ഉദ്ഘാടനചടങ്ങളിൽ പങ്കെടുക്കാനുള്ള ക്ഷണം ഡോ.മൻമോഹൻ സിംഗ് സ്വീകരിച്ചുവെന്ന പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ അവകാശവാദത്തിനു മറുപടിയായാണ് ഈ പ്രതികരണം. നവംബർ ഒന്പതിനു നടക്കുന്ന ഉദ്ഘാടനചടങ്ങളിൽ പങ്കെടുക്കണമെന്ന അഭ്യർഥന ഡോ. മൻമോഹൻ സിംഗ് സ്വീകരിച്ചുവെന്നും പ്രത്യേകഅതിഥി എന്നതിനുപകരം സാധാരണ തീർഥാടകൻ എന്ന നിലയിലായിരിക്കും ചടങ്ങിനെത്തുകയെന്നും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി പറഞ്ഞതായി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ഉദ്ഘാടന ചടങ്ങില്ലെന്നും ചരിത്രപ്രാധാന്യമുള്ള തീർഥാടക കേന്ദ്രത്തിൽ സാധാരണ പൗരനെന്ന നിലയിൽ സന്ദർശനം നടത്താനാണു തീരുമാനമെന്ന് പാക് അധികൃതർക്ക് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നയിക്കുന്ന സംഘത്തിലാണ് ഡോ. മൻമോഹൻ സിംഗ് അണിചേരുക. തീർഥാടനകേന്ദ്രത്തിൽ പ്രാർത്ഥിച്ചശേഷം സംഘം അന്നു തന്നെ ഇന്ത്യയിലെത്തും.
കർതാപുരിലെ ദർബാർ സാഹിബിനെയും പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേരാ ബാബ നാനാക് ഗുരുദ്വാരയെയും ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ഇരുരാജ്യങ്ങളുടെയും സഹകരണത്തോടെ സാധ്യമാകുന്നത്. ഇതോടെ ഇന്ത്യൻ പൗരന്മാർക്ക് വീസ ഇല്ലാതെ ഗുരുദ്വാരയി ലെത്താം.
1552 ൽ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയിൽ പ്രതിദിനം അയ്യായിരത്തോളം ഇന്ത്യക്കാർ എത്തുമെന്നാണു കണക്കാക്കുന്നത്.
ഫീസ് വേണമെന്ന് പാക്കിസ്ഥാൻ; രജിസ്ട്രേഷൻ ആരംഭിച്ചില്ല
ന്യൂഡൽഹി: കർതാപുരിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർസിക്കുന്നതിനായി തീർഥാടകർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഞായറാഴ്ച ആരംഭിച്ചില്ല. ഒരു തീർഥാടകനിൽനിന്ന് 20 ഡോളർ ഫീസ് വീണുമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തെത്തുടർന്നാണ് ഓൺലൈൻ രജിസ്ട്രേഷൻ റദ്ദാക്കിയത്.
തീർഥാടനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനും ഇന്ത്യയും ശനിയാഴ്ച കരാറുകളിൽ ഏർപ്പെട്ടിരുന്നു. പരിഹരിക്കപ്പെടാത്ത മറ്റു ചില കാര്യങ്ങൾ കൂടിയുണ്ടെന്നും അതിനാൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഒക്ടോബർ 20 മുതൽ കർതാപുർ തീർഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേൻ ആരംഭിക്കുമെന്ന് ലാൻഡ് പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അഡീഷണൽ സെക്രട്ടറി ഗോവിന്ദ് മോഹൻ പറഞ്ഞിരുന്നു. കർതാപുർ ഗുരുദ്വാര സന്ദർശിക്കാൻ 10,000 ഓളം ഇന്ത്യൻ സിക്ക് തീർഥാടകർ എല്ലാ വർഷവും എത്താറുണ്ട്.
കർതാപുർ ഉദ്ഘാടനം: ഒൗപചാരിക ചടങ്ങിന് ഡോ.മൻമോഹൻ സിംഗില്ല, തീർഥാടകനായി പോകും
12:29 AM Oct 21, 2019 | Deepika.com