ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വയ്ക്കാനും എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിനു ഡൽഹി കോടതിയുടെ അനുമതി.
ചിദംബരത്തെ തിഹാർ ജയിലിൽനിന്നോ കോടതിയിൽ ഹാജരാക്കിയതിനു ശേഷമോ അറസ്റ്റ് രേഖപ്പെടുത്തുകയും കസ്റ്റഡിയിൽ വാങ്ങുകയോ ചെയ്യാം. ഏതായാലും ചിദംബരത്തിന്റെ അന്തസ് പരിഗണിച്ചായിരിക്കണം നടപടിയെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈകുന്നേരം നാലിനു കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
ഐഎൻഎക്സ് മീഡിയ കേസിൽ 305 കോടിയുടെ വിദേശ നിക്ഷേപം നടത്തിയതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ ആരോപണം. ഇതിന്റെ തുടർ അന്വേഷണങ്ങൾക്കായി അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ കിട്ടാനുമായി ഇഡി കഴിഞ്ഞ ദിവസമാണ് റോസ് അവന്യു കോടതിയിൽ അപേക്ഷ നൽകിയത്. കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തെ ചോദ്യംചെയ്യാൻ നേരത്തെ ഇഡിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്തോളാം എന്നായിരുന്നു ഇഡി മറുപടി നൽകിയിരുന്നത്.
ചിദംബരത്തെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വയ്ക്കാനും അനുമതി
12:58 AM Oct 16, 2019 | Deepika.com